Deshabhimani

റോഡ് സുരക്ഷയ്ക്ക് ഏകീകൃത നിരീക്ഷണ സംവിധാനം വേണം: ഹൈക്കോടതി

bus highcourt
വെബ് ഡെസ്ക്

Published on Sep 25, 2026, 07:11 PM | 1 min read

കൊച്ചി : സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. റോഡ് സുരക്ഷയ്ക്കായി ‘ റോഡ് സേഫ്റ്റി ഇൻ കേരള ’ എന്ന പേരിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് തുടർച്ചയായി നിരീക്ഷിക്കാനും ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ചാലക്കുടി സ്വദേശി ക്ലമൻസ് തോട്ടപ്പിള്ളി നൽകിയ ഹർജിയിലാണ് ഉത്തരവ്.
റോഡ് സുരക്ഷാ നിരീക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ആറുമാസത്തിനകം സംസ്ഥാനതല ഭൗമ വിവര(ജിഐഎസ് ) അധിഷ്ഠിത സോഫ്റ്റ് വെയർ പ്ലാറ്റ്ഫോം സജ്ജമാക്കണം. അപകട മേഖലയിലെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തൽ, അപകടസാധ്യത റിപ്പോർട്ട് ചെയ്യൽ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം, പരിഹാരനടപടികളുടെ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തണം. ഇതിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാനും കഴിയണം
​ബ്ലാക്ക് സ്പോട്ടുകൾ സമയബന്ധിതമായി പരിഹരിക്കണം. ‘സേഫ് കേരള’ എ ഐ ക്യാമറാ പദ്ധതി അപകടസാധ്യതയുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അമിതവേഗം, അപകടകരമായ ഡ്രൈവിങ്, അമിതഭാരം, അനധികൃത പാർക്കിങ് എന്നിവയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണം.
സ്വകാര്യ ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിച്ച് 120 ദിവസത്തിനകം പുതിയ സുരക്ഷിത സമയക്രമം തയ്യാറാക്കണം. ബസുകളുടെ മത്സരയോട്ടവും അമിത വേഗവും നിയന്ത്രിക്കണം. റോഡ് നിർമാണ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും വാട്ടർ അതോറിറ്റി, കെഎസ്ഇബി, ബിഎസ്എൻഎൽ തുടങ്ങിയ സ്ഥാപനങ്ങൾ റോഡ് കുഴിക്കുന്നതിന് മുമ്പ് അനുമതി നേടണമെന്നും കോടതി നിർദേശിച്ചു.
​റോഡരികിലെ അപകടകരമായ വൈദ്യുതി തൂണുകളും തൂങ്ങിക്കിടക്കുന്ന വൈദ്യുതി ലൈനുകളും മാറ്റണം. സംസ്ഥാനപാതകളിൽ 30 കിലോമീറ്റർ ഇടവിട്ട് ജീവൻ രക്ഷാ ആംബുലൻസുകൾ ഒരുക്കണം. സ്കൂൾ ബസ് ഡ്രൈവർമാരടക്കം പൊതുഗതാഗത,ഭാര വാഹന ഡ്രൈവർമാരുടെ സംസ്ഥാനതല രജിസ്ട്രിയും തയ്യാറാക്കണം.
​ഓരോ ജില്ലയിലും 15 ദിവസത്തിനകം റോഡ് സുരക്ഷാ നിരീക്ഷണ സമിതി രൂപീകരിക്കണം. 999.2623 കോടി രൂപയുടെ റോഡ് സുരക്ഷാ ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതി ധനവകുപ്പ് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home