ad
Deshabhimani

print edition തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും തകർക്കുന്നു; കർഷകത്തൊഴിലാളികൾ രാജ്യവ്യാപക സമരത്തിലേക്ക്‌

തൊഴിലുറപ്പ്‌ അട്ടിമറി

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:15 AM | 1 min read

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആലപ്പുഴയിൽ ചേർന്ന അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ ക‍ൗൺസിൽ യോഗം തീരുമാനിച്ചു.


ആഗസ്‌ത്‌ 10ന്‌ രാജ്യവ്യാപകമായി ജയിൽ നിറയ്‌ക്കൽ സമരം നടത്തും. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ രാജ്യത്തെ എല്ലാ ജില്ലയിലും പ്രാദേശികാടിസ്ഥാനത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ്‌ എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കട്ടും വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽനിറയ്‌ക്കൽ സമരം സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലാണ്‌. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും തൊഴിലുറപ്പ് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുംവരെ പ്രക്ഷോഭം തുടരാനും കൗൺസിൽ യോഗം തീരുമാനിച്ചു.


ഭക്ഷ്യസുരക്ഷാ നിയമത്തിൽ വെള്ളംചേർക്കുന്നത്‌ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ്‌ കൂടുതൽ ബാധിക്കുക. എഫ്‌സിഐ ഗോഡ‍ൗണുകൾ കുത്തകകളെ ഏൽപ്പിക്കുകയാണ്‌. ജനങ്ങൾക്ക്‌ കൂടുതൽ ധാന്യങ്ങളും പയർവർഗങ്ങളും നൽകണം.


രാജ്യത്ത്‌ ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്‌. ഇ‍ൗ വിഷയത്തിലും രാജ്യവ്യാപകമായി പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തും. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനം ഫെബ്രുവരി ഏഴുമുതൽ 10വരെ ബംഗളൂരുവിൽ ചേരുമെന്നും അറിയിച്ചു. ഒ എസ്‌ അംബിക എംഎൽഎ, എൻ രതീന്ദ്രൻ, കെ ശശാങ്കൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home