പരീക്ഷാ ഫീസ് എത്രയെന്നറിയില്ല; സ്കോളർഷിപ്പിന് അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ

മംഗലപുരം : സർവകലാശാല പരീക്ഷാഫീസ് എത്രയെന്നറിയാതെ ഇ- ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട മൂന്നാംവർഷ ബിരുദ വിദ്യാർഥികൾ പ്രതിസന്ധിയിൽ. കേരള സർവകലാശാലയിലെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷാഫീസ് ഇ- ഗ്രാന്റ്സ് വെബ്സൈറ്റിൽ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കേണ്ട സമയമായിട്ടും ഫീസ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഇതുമൂലം കോളേജുകൾക്ക് മൂന്നാംവർഷ വിദ്യാർഥികളെ വെബ്സൈറ്റിൽ പ്രൊമോട്ട് ചെയ്യാനും കഴിയുന്നില്ല.
പുതിയ കെ-–റീപ് സംവിധാനം നിലവിൽ വന്നതോടെയാണ് പ്രശ്നമുണ്ടായതെന്നാണ് പരാതി. ഓരോ വിദ്യാർഥിക്കും ഈടാക്കുന്ന പരീക്ഷാഫീസ് വ്യത്യസ്തമായതിനാൽ നിർദിഷ്ട തുക ക്ലെയിം ചെയ്യുന്നതിലും ആശയക്കുഴപ്പമുണ്ട്. മുമ്പ് നിശ്ചിത പരീക്ഷാഫീസ് വെബ്സൈറ്റിൽ ലഭ്യമായിരുന്നതിനാൽ അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കാനും സ്കോളർഷിപ് വിതരണം ചെയ്യാനും കഴിഞ്ഞിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പരിഷ്‌കാരത്തെ തുടർന്നാണ് ആശയക്കുഴപ്പം. ഫീസ് സംബന്ധിച്ച വ്യക്തതയില്ലാത്തതിനാൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാകാതെ കോളേജുകളും പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.








0 comments