ad
Deshabhimani

അൾട്രാവയലറ്റ് വികിരണത്തോത് കൂടുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത

heat-warning

ഫോട്ടോ: മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Apr 14, 2026, 03:19 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) തരംഗങ്ങളുടെ സൂചിക ഉയരുന്നു. നാല് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട (കോന്നി), ഇടുക്കി (മൂന്നാർ), പാലക്കാട് (തൃത്താല), മലപ്പുറം (പൊന്നാനി) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങൾ ​ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അൾട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതൽ പത്തുവരെയാണ് ഓറഞ്ച് അലർട്ടിന്റെ പരിധിയിൽ വരുന്നത്.


തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.


പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.


യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home