print edition യുഡിഎഫ് ബിജെപിയുടെ ഒറിജിനൽ ടീമായി: പി രാജീവ്

കൊച്ചി: ബിജെപിയുടെ ബി ടീമല്ല, ഒറിജിനൽ ടീമായി യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. പിഎം ശ്രീയിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമെല്ലാം സൃഷ്ടിച്ച പുകമറ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തോടെ അവസാനിച്ചു. തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ മതനിരപേക്ഷ മുഖംമൂടിയണിഞ്ഞവർ ഇപ്പോൾ വർഗീയതയുടെ നേരവകാശികളായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീയിൽ എംഒയുവിൽനിന്ന് പിന്മാറാൻ തടസ്സമില്ലെന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. ഒപ്പിട്ടാലും നടപ്പാക്കേണ്ടെന്ന് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് യുഡിഎഫ് അവസാനിപ്പിക്കണം. പിഎം ശ്രീ പദ്ധതിക്കുവേണ്ടിയാണ് പണം വാങ്ങുന്നതെങ്കിൽ പുതിയ വിദ്യാഭ്യാസനയത്തിന്റെ എല്ലാ വകുപ്പുകളും സംസ്ഥാനത്ത് നടപ്പാക്കേണ്ടിവരും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ സ്‌കൂളുകളിൽ നല്ലകെട്ടിടങ്ങളും അടിസ്ഥാന സൗകര്യവും ഒരുക്കി. പിഎം ശ്രീയുടെ സഹായത്തിനായി ഇതൊന്നും അടിയറവയ്‌ക്കേണ്ടതില്ല. അതുകൊണ്ടാണ് മുൻസർക്കാർ പദ്ധതി നടപ്പാക്കാതിരുന്നത്. അധികാരപരിധിവിട്ട് ബിജെപിക്ക് ഉപദേശം നൽകുന്ന വകുപ്പായി ആഭ്യന്തരവകുപ്പും ബിജെപിക്ക് കോർപറേഷൻ കൗൺസിൽ നിലനിർത്താൻ ഒത്താശചെയ്യുന്ന സംവിധാനമായി യുഡിഎഫ് സർക്കാരും മാറി– പി രാജീവ് പറഞ്ഞു.










0 comments