print edition വിദ്യാർഥിവേട്ടയ്ക്കുപിന്നിലും ആർഎസ്എസ് പ്രീണനം; ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു


സ്വന്തം ലേഖകൻ
Published on Sep 05, 2026, 01:30 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ കാവിവൽക്കരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സംഘപരിവാർ അജൻഡയ്ക്ക് ഒത്താശ ചെയ്യുന്ന സർക്കാർ അതിനെതിരായ ഏത് സമരവും ക്രൂരമായി അടിച്ചമർത്തുകയാണ്.
തെരഞ്ഞെടുപ്പ് മുതലേയുള്ള യുഡിഎഫ്–ആർഎസ്എസ് ഡീലിന്റെ ഭാഗമായാണ് വിദ്യാർഥി വേട്ട. എന്തിനാണ് സമരമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിരന്തര ചോദ്യം സംഘപരിവാർ ദാസ്യത്തിന്റെ പ്രകടമായ തെളിവാണ്. സമരവുമായി ബന്ധപ്പെട്ട എല്ലാവിവരവും കൃത്യമായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്റലിജൻസ് നൽകുന്നുണ്ട്.
സംഘപരിവാർ അജൻഡയ്ക്കെതിരാണ് സമരമെന്ന് അതിൽ വ്യക്തമാണ്. എന്നിട്ടും വിദ്യാർഥികളെ ക്രൂരമായി മർദിച്ച്, വധശ്രമത്തിന് കേസെടുക്കുകയാണ് പൊലീസ്. ആർഎസ്എസിന് പൊലീസിനെ നിയന്ത്രിക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് സുപ്രധാന സ്ഥാനങ്ങളിൽ നിയമനംനൽകി.
തെരഞ്ഞെടുക്കപ്പെട്ട 59 സ്റ്റേഷനുകളിൽ കേന്ദ്ര അജൻഡപ്രകാരം ഐപിഎസ് ഉദ്യോഗസ്ഥർക്ക് മേൽനോട്ട ചുമതലയും നൽകി. വിദ്യാർഥിവേട്ടയ്ക്കെതെിരെ പൊലീസ് സേനയിൽനിന്നുതന്നെ കടുത്ത എതിർപ്പുയരുന്നുണ്ട്. പലരും നീരസം പ്രകടമാക്കി. പൊലീസാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും പെൺകുട്ടികളെയുൾപ്പെടെ പരിധിവിട്ട് തല്ലിയെന്നുമാണ് പരാതി.
ചില ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞാണ് വിമർശം. ഗവർണർമാരെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ ഗൂഢനീക്കത്തെ ചെറുത്തത് എസ്എഫ്ഐയാണ്.
ആരിഫ് മുഹമ്മദ് ഖാന്റെയും രാജേന്ദ്ര ആർലേക്കറുടെയും അജൻഡയ്ക്കെതിരെ സർവകലാശാലകൾക്കകത്തും പുറത്തും അതിശക്തമായ പോരാട്ടമാണ് നടത്തിയത്. എൽഡിഎഫ് സർക്കാരും നിയമപോരാട്ടം നടത്തി. എന്നാൽ, യുഡിഎഫ് സർക്കാർ വന്നതോടെ ആർഎസ്എസിന് പാദസേവ നടത്തി വിദ്യാർഥികളെ ക്രൂരമായി വേട്ടയാടുകയാണ്.








0 comments