print edition കൺമുന്നിലെ വികസനം നിലയ്‌ക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തലവികസനത്തിന് ഗതിവേഗം പകർന്ന കിഫ്‌ബിയെ തകർക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ. കിഫ്‌ബിയെ തകർക്കുന്നതിലൂടെ വൻകിട പദ്ധതികളിലേതുൾപ്പെടെ വ്യാവസായിക, സാമൂഹ്യരംഗത്തെ നേട്ടങ്ങൾ ഇല്ലാതാകും. എട്ടുവർഷത്തിനിടെ 1190 പദ്ധതികളിൽ ഒരു ലക്ഷം കോടിക്കടുത്ത് രൂപ അനുവദിച്ചിരുന്നു. 25,000 കോടി രൂപയുടേത് പൂർത്തിയാക്കി.
അത്രത്തോളം അവസാനഘട്ടത്തിലുമാണ്. വൻകിട പദ്ധതികൾക്കെല്ലാം ഭൂമി ഏറ്റെടുത്ത് നൽകി. കേരള ചരിത്രത്തിലില്ലാത്ത മാറ്റവും ദൃശ്യമാണ്.
കിഫ്‌ബിയോടുള്ള അനാവശ്യ എതിർപ്പും അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കലും ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയ റിപ്പോർട്ടിന്റെ പേരിലാണ് പദ്ധതി ഇല്ലാതാക്കുന്നത്. കിഫ്‌ബി ഓഫീസിനോടും വിവിധ പരസ്യങ്ങളോടുള്ള എതിർപ്പുമുൾപ്പെടെ ബാലിശമായ കാരണമല്ലാതെ, അഴിമതിയോ ക്രമക്കേടോ കണ്ടെത്താനായിട്ടില്ല.
കണ്ണൂരും പാലക്കാടും ഉൾപ്പെടെ വലിയ വികസനസാധ്യത മുൻകൂട്ടിക്കണ്ട് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനെ മഹാ അപരാധമായി ചിത്രീകരിക്കുന്നത് പൂട്ടിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. നേരിട്ട് കരാർ നൽകി നടപ്പാക്കിയിരുന്ന കാലത്തെ അഴിമതിയും വീതംവയ്പും കാലതാമസവുമടക്കം ‘ചുവപ്പുനാട’ തിരിച്ചുവരും. നാടിന്റെ മുഖച്ഛായ മാറ്റിയ റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളും പാർക്കും ഉൾപ്പെടുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നത് എങ്ങനെയാണെന്ന് മറുപടി നൽകണ്ടിവരും.
കിഫ്‌ബി മോഡലിനെ ആശ്രയിക്കേണ്ടിവന്നതിന്റെ രാഷ്‌ട്രീയ സാഹചര്യം മറക്കുന്നത് പുതിയ സംഘപരിവാർ ചങ്ങാത്തത്തിന്റെ ഭാഗം. അർഹമായ വിഹിതംപോലും തടഞ്ഞുവച്ച് കേന്ദ്രസർക്കാർ വൻ പ്രതിസന്ധിയുണ്ടാക്കി. പരമ്പരാഗത ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേരിൽ വികസനം മുടങ്ങരുത് എന്നതുകൊണ്ടാണ് കിഫ്‌ബിയെ ആശ്രയിച്ചത്. എന്നാൽ, അതും സമ്മതിക്കില്ലെന്ന വാശിയിലാണ് ബജറ്റിന് പുറത്തുള്ള വായ്-പയും മൊത്തം വായ്പയുടെ ഗണത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയത്. ഒന്നുകിൽ എല്ലാം സ്വകാര്യവൽക്കരിക്കുക അല്ലെങ്കിൽ നശിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗമാകുകയാണ് യുഡിഎഫ് സർക്കാർ.









0 comments