print edition യുഡിഎഫ് സർക്കാർ ആർഎസ്‌എസിന്റെ ഇടക്കാല ഉപകരണം: എ വിജയരാഘവൻ

കൽപ്പറ്റ: കേരളത്തെ വരുതിയിലാക്കാനുള്ള ആർഎസ്‌എസിന്റെ ഇടക്കാല ഉപകരണമാണ് യുഡിഎഫ് സർക്കാരെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സംഘപരിവാറിന് കേരള രാഷ്‌ട്രീയത്തിൽ ഇടപെടാൻ, തന്ത്രപരമായ വോട്ടിലൂടെ ആർഎസ്‌എസ് അധികാരത്തിലെത്തിച്ചതാണ് യുഡിഎഫിനെ. ഇടതുപക്ഷം നടപ്പാക്കിയ ബദൽനയങ്ങളെല്ലാം അട്ടിമറിച്ചു.
കേന്ദ്രനയങ്ങൾ അതേപടി നടപ്പാക്കുകയാണ്. എല്ലാവിധ വർഗീയതയെയും കൂട്ടിയോജിപ്പിച്ചായിരുന്നു യുഡിഎഫ് വിജയം. ഇതോടൊപ്പമായിരുന്നു ആർഎസ്‌എസിന്റെ സഹായം. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം പൂർണമായി പഠിക്കാൻ ലീഗുകാർ പ്രത്യേക കോഴ്‌സ് നടത്തുകയാണ്. മന്ത്രിസഭാ യോഗം ഇപ്പോൾ ആകാശത്തുവച്ച് ചേരാം. എല്ലാ മന്ത്രിമാരും പറക്കുകയാണ്. ഓരോരുത്തർക്കും സ്‌പോൺസർമാരുണ്ട്. വിരുന്ന് ഒരുക്കുന്നവരുടെ താൽപ്പര്യം സംരക്ഷിക്കലാണ് സർക്കാർ പരിപാടി. ഭരണത്തിന്റെ സുതാര്യത പുർണമായും തകർത്തു. ഒരുദശാബ്‌ദം നടപ്പാക്കിയ ഭരണനിർവഹണത്തിലെ ഗുണവശങ്ങൾ ഇല്ലാതാക്കി. സിപിഐ എമ്മിനെതിരെ അധികാരം ദുർവിനിയോഗിക്കുകയാണ്.
കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്പോൾ ഇഡി കത്തിൽ സംസ്ഥാന സർക്കാർ, സിപിഐ എം നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരുകടന്നാക്രമണത്തിലും സിപിഐ എം കീഴടങ്ങില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ച് മുന്നോട്ടുപോകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമീഷനെത്തന്നെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്.
ഇന്ത്യയിലെ തെരുവുകൾ അശാന്തമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകളെയും അടിച്ചമർത്തലുകളെയും ജനങ്ങൾ അംഗീകരിക്കില്ലെന്ന സാഹചര്യം വന്നു. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന അനിവാര്യതയ്‌ക്ക് അനുയോജ്യമായി സിപിഐ എമ്മിനെ മാറ്റും. ദുർബല ജനവിഭാഗങ്ങളുടെ താൽപ്പര്യ സംരക്ഷണത്തിനായുള്ള വലിയ ജനകീയ മുന്നേറ്റങ്ങളും പ്രതിരോധങ്ങളും രൂപപ്പെടുത്തുകയെന്ന രാഷ്‌ട്രീയ ദൗത്യം സിപിഐ എം നിർവഹിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.









0 comments