Deshabhimani

print edition തിരുവോണം കഴിഞ്ഞ്‌ 11 ദിവസം: ആദിവാസി വയോധികർക്ക്‌ ഓണക്കോടിയുമില്ല, പണവുമില്ല

old age people
വെബ് ഡെസ്ക്

Published on Sep 06, 2026, 01:45 AM | 1 min read

കൽപ്പറ്റ: തിരുവോണംകഴിഞ്ഞ്‌ 11 ദിവസമായിട്ടും ജില്ലയിലെ ആദിവാസി വയോധികർക്ക്‌ ഓണക്കോടിക്കുള്ള 1000 രൂപ നൽകാതെ യുഡിഎഫ്‌ സർക്കാർ. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വയോധികരോടാണ്‌ നീതികേട്‌. ബാങ്കിൽപ്പോയി പണം കൈപ്പറ്റാനാകാത്തവർക്കും ബാങ്ക്‌ അക്ക‍ൗണ്ട് ഇല്ലാത്തവർക്കുമാണ്‌ സഹായം ലഭിക്കാത്തത്‌. 790 പേർക്കാണ്‌ മൂന്ന്‌ താലൂക്കുകളിലായി സഹായം മുടങ്ങിയത്‌.


എൽഡിഎഫ്‌ സർക്കാർ പത്തുവർഷവും മുടങ്ങാതെ നൽകിയിരുന്നു. 2025ലെ ഓണത്തിന്‌ എട്ടുദിവസംമുമ്പ്‌ തുക അർഹരുടെ കൈകളിലെത്തിച്ചു. ഇത്തവണ ഓണക്കോടി പണമായി നൽകേണ്ടതില്ല എന്നായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ തുക അനുവദിച്ച്‌ സ്‌ത്രീകൾക്ക്‌ കൈത്തറി സെറ്റ്‌ മുണ്ടും പുരുഷൻമാർക്ക്‌ മുണ്ടും തോർത്തും വാങ്ങിനൽകാൻ തിരുമാനിച്ചു. ഇതിനായി സംസ്ഥാനത്താകെ 5.28 കോടി രൂപ അനുവദിച്ച് ആഗസ്‌ത്‌ 14ന്‌ ഉത്തരവിറക്കി.


എന്നാൽ, വസ്‌ത്രം ലഭ്യമല്ലാത്തതിനാൽ തിരുവോണത്തിനുമുമ്പ്‌ ഓണക്കോടി നൽകാനാകില്ലെന്ന്‌ ഉറപ്പായതോടെ ആഗസ്‌ത്‌ 22ന്‌ ഉത്തരവ്‌ തിരുത്തി. വസ്‌ത്രത്തിനുപകരം അക്ക‍ൗണ്ടുകളിലേക്ക്‌ പണം കൈമാറാൻ നിർദേശിച്ചു. ബാങ്ക്‌ അക്ക‍‍ൗണ്ട്‌ ഇല്ലാത്തവർക്കും കിടപ്പുരോഗികൾക്കും പട്ടികവർഗ വികസന ഓഫീസർമാർ വഴി തുക നേരിട്ട്‌ എത്തിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഭൂരിഭാഗം ഗുണഭോക്താക്കളുടെ അക്ക‍ൗണ്ടിലും ഓണത്തിനുമുമ്പ്‌ പണം എത്തിയില്ല. സംസ്ഥാനത്താകെ 52,826 പേർക്കാണ്‌ സഹായം ലഭിക്കേണ്ടിയിരുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home