ഇരുചക്രവാഹന തട്ടിപ്പ്; അനന്തുകൃഷ്‌ണൻ വളർന്നത് ബിജെപി–കോൺഗ്രസ് തണലിൽ

കൊച്ചി: സ്‌ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്‌ദാനംചെയ്‌ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണൻ വളർന്നത് ബിജെപി–കോൺഗ്രസ് തണലിൽ. അനന്തുകൃഷ്‌ണനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനും നേതൃത്വം നൽകുന്ന സന്നദ്ധസംഘടനകൾ ചേർന്നാണ് പകുതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങൾ സ്‌ത്രീകൾക്ക് നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
അനന്തുകൃഷ്‌ണൻ കോ–-ഓർഡിനേറ്ററായ നാഷണൽ എൻജിയോസ് കോൺഫെഡറേഷനും എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) സംഘടനയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സൈൻ നേതൃത്വത്തിൽ ഒറ്റയ്‌ക്കും രാധാകൃഷ്‌ണൻ വാഹനവിതരണം നടത്തി. കരുമാല്ലൂരിൽ അനന്തുകൃഷ്‌ണൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടകൻ ഹൈബി ഈഡൻ എംപിയായിരുന്നു. എൻജിയോസ് കോൺഫെഡറേഷൻ വരാപ്പുഴയിൽ സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്‌തത് വി ഡി സതീശനാണ്. കൂനമ്മാവിൽ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്‌ഘാടനം ചെയ്‌തത് റോജി എം ജോൺ എംഎൽഎയും. അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായപ്പോൾ കെപിസിസി അംഗം ലാലി വിൻസെന്റ് മൂവാറ്റുപുഴ സ്‌റ്റേഷനിൽ എത്തിയിരുന്നു.
0 comments