print edition ട്വന്റി 20 സ്ഥാനാർഥിക്ക് വോട്ടില്ല; മുങ്ങി

കൊച്ചി: വോട്ടർപ്പട്ടികയിൽ പേരില്ലാത്തയാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎയും ഘടകകക്ഷിയായ ട്വന്റി 20യും. പെരുമ്പാവൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്‌മിപ്രിയയ്‌ക്ക് വോട്ടില്ലെന്ന വിവരമറിഞ്ഞതോടെ ബുധൻ വൈകിട്ട് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതിക്കുമുമ്പ് പുതുതായി പേര് ചേർക്കാനാകില്ലെന്ന് മനസ്സിലായതോടെ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നാണക്കേടിൽനിന്ന് തലയൂരാനാണ് എൻഡിഎയുടെ ശ്രമം.
നോമിനേഷൻ പൂരിപ്പിക്കുന്നതിന് മുന്നോടിയായാണ് വോട്ടർപ്പട്ടിക പരിശോധിച്ചത്. പേരില്ലെന്ന് മനസ്സിലായതോടെ കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ട് പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് തടസ്സമില്ലെന്നും, എന്നാൽ നോമിനേഷൻ നൽകാനുള്ള അവസാന തീയതിക്കുമുന്പായി പേര് ചേർത്ത പട്ടിക വരില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ പെരുമ്പാവൂരിൽ സ്ഥാനാർഥിയാകാനുള്ള മോഹം ഉപേക്ഷിച്ച് ലക്ഷ്‌മിപ്രിയ മടങ്ങി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്ഷ്‌മിപ്രിയ വോട്ട് ചെയ്‌തിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കുന്ന എസ്‌ഐആർ പട്ടികയ്‌ക്കുള്ള അപേക്ഷ നൽകാത്തതാണ് വോട്ട് നഷ്‌ടമാകാൻ കാരണമെന്നാണ് വിവരം. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷ്‌മിപ്രിയ പ്രചാരണം ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ പങ്കെടുത്തുള്ള റോഡ് ഷോയാണ് നടത്താനിരുന്നത്, പിന്നീട് എൻഡിഎ തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്‌ത് കേന്ദ്രമന്ത്രിക്ക് മടങ്ങി.









0 comments