കേരളം വ്യവസായ സൗഹൃദം, കെ-സ്മാർട്ട് വഴി എല്ലാ കാര്യങ്ങളും എളുപ്പം; കല്യാൺ ഗ്രൂപ്പ് മേധാവി പട്ടാഭിരാമൻ

കൊച്ചി : കേരളം വ്യവസായ സൗഹൃദമെന്ന് കല്യാൺ ഗ്രൂപ്പ് മേധാവി ടി എസ് പട്ടാഭിരാമൻ. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കഴിഞ്ഞ രണ്ടു വർഷമായി കേരളം ഒന്നാമതാണ്. ഇന്ന് കെ-സ്മാർട്ട് വഴി എല്ലാ കാര്യങ്ങളും എളുപ്പത്തിൽ നടക്കും. ആദ്യമൊക്കെ ഒരു പ്ലാൻ കോർപ്പറേഷനിൽ കൊടുത്താൽ പാസാവാനും ഒക്യുപൻസി കിട്ടാനും അഞ്ചാറ് മാസം വേണം. ഒരുപാട് കടമ്പകൾ കടക്കണം. എന്നാൽ രണ്ടു കൊല്ലം കൊണ്ട് അഞ്ചും ആറും പ്രൊജക്ടുകൾ പൂർത്തിയാക്കാൻ സാധിച്ചുവെന്നും കല്യാൺ ഗ്രൂപ്പ് മേധാവി വ്യക്തമാക്കി.
കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് പട്ടാഭിരാമൻ അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോ വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു. പത്തു ദിവസം കൊണ്ട് സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കാം. കെ-സ്മാർട്ടിനെ കുറിച്ച് പല വ്യാപാരികൾക്കും ഇന്നും അറിയില്ല. അപേക്ഷിച്ചു കഴിഞ്ഞാൽ ഉത്തരവാദിത്വമെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏറ്റെടുക്കും. സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തു സഹായമാണ് വേണ്ടതെന്ന് അവർ അന്വേഷിക്കുമെന്നും പട്ടാഭിരാമൻ പറഞ്ഞു.
കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷത്തെക്കുറിച്ചുള്ള പട്ടാഭിരാമന്റെ വാക്കുകൾ സർക്കാരിനുള്ള അംഗീകാരമാണെന്ന് വ്യവസായ മന്ത്രി വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിൽ നിക്ഷേപം വരുന്നുണ്ടോ എന്ന് സംശയിക്കുന്ന കേരള വിരുദ്ധ മുന്നണിക്കാർക്കുള്ള മറുപടിയാണിത്. ഒരു ബസ്സിന് റൂട്ട് പെർമിറ്റ് നൽകുന്നതിലെ തർക്കം ഒന്നാം പേജിൽ വാർത്തയാക്കിയവർക്ക് ശതകോടികളുടെ നിക്ഷേപവും തൊഴിലും കൊണ്ടുവരുന്ന സംരംഭങ്ങളെ കുറിച്ചുള്ള പോസിറ്റീവ് കാര്യങ്ങൾ കാണാൻ കഴിയില്ലെന്നും, ചാനലുകളിൽ ചർച്ചയാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ച സംവിധാനമാണ് കെ സ്‌മാർട്ട്. ഇൻഫർമേഷൻ കേരളാ മിഷൻ രൂപകൽപ്പന ചെയ്ത കെ സ്മാർട്ടിലൂടെ എണ്ണൂറിലധികം സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ഓൺലൈനായി ഉറപ്പാക്കുന്നത്. ജനന - മരണ - വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും കെട്ടിട നിർമാണ പെർമിറ്റുംവരെ ഓൺലൈനായി കെ സ്മാർട്ടിലൂടെ എളുപ്പത്തിൽ ലഭിക്കും.










0 comments