print edition ടൈറ്റാനിയത്തിൽ ശമ്പളം മുടങ്ങി; 80 വർഷത്തെ ചരിത്രത്തിൽ ആദ്യം

മിൽജിത് രവീന്ദ്രൻ
Published on Oct 05, 2026, 02:57 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിന്റെ 80 വർഷത്തെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി. 530 സ്ഥിരംജീവനക്കാരുടെയും നൂറുകണക്കിന് കാഷ്വൽ, കരാർ ജീവനക്കാരുടെയും ആഗസ്ത്, സെപ്തംബർ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ജൂണിൽ ശമ്പളം നൽകാനെന്നപേരിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാതെ ഉൽപ്പാദനം നിർത്തിവച്ചിരുന്നു. എന്നിട്ടും ശമ്പളം മുടക്കമില്ലാതെ നൽകാനോ ഉൽപ്പാദനം പൂർണതോതിൽ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. അംഗീകൃത ട്രേഡ് യൂണിയനുകൾ മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയെയും കണ്ട് വിഷയം അവതരിപ്പിച്ചെങ്കിലും പരിഹാരമായില്ല.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയിൽ കുളിച്ച്, തകർച്ചയുടെ വക്കിലെത്തിയ ടൈറ്റാനിയത്തെ എൽഡിഎഫ് സർക്കാരാണ് വീണ്ടും മികവിലേക്ക് ഉയർത്തിയത്. ടൈറ്റാനിയത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് എൽഡിഎഫ് സർക്കാർ പ്രഥമ പരിഗണന നൽകി. ഇതിനായി വലിയതുകയും മുതൽമുടക്കി.
പുതിയ ഉൽപ്പന്നങ്ങളുടെ ട്രയൽ വിജയകരമായി പൂർത്തിയാക്കി വാണിജ്യ ഉൽപ്പാദനത്തിലേക്ക് കടന്നു. ടൈറ്റാനിയം ഡയോക്സൈഡിന്റെ ഫാർമ ഗ്രേഡ്, ഫൈബർ ഗ്രേഡ് എന്നിവയും ബെല്ലിനായി കാറ്റലിറ്റിക് ഗ്രേഡ് ടൈറ്റാനിയവും വിജയകരമായി ഉൽപ്പാദിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് അന്താരാഷ്ട്ര കമ്പനികളുമായി ചർച്ചകളും ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുമായി ധാരണപത്രം ഒപ്പിട്ട് ജപ്പാനിലെ തോഷിബ കമ്പനിയുമായി ചർച്ചയാരംഭിക്കുകയും ചെയ്തു.
ഇത്തരത്തിൽ സ്ഥാപനം വൻകുതിപ്പിലേക്ക് കടക്കാനൊരുങ്ങവെയാണ് ഭരണമാറ്റമുണ്ടായത്. ടൈറ്റാനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ആന്റി ഡമ്പിങ് ഡ്യൂട്ടി 2025 സെപ്തംബറിൽ പിൻവലിച്ചതും സൾഫറിന് ക്രമാതീതമായി വില ഉയർന്നതും അവസാനനാളുകളിൽ സ്ഥാപനത്തെ ബുദ്ധിമുട്ടിച്ചെങ്കിലും എൽഡിഎഫ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടക്കിയില്ല.
യുഡിഎഫ് അധികാരത്തിൽവന്നതോടെ രാഷ്ട്രീയ ഇടപെടലും ആരംഭിച്ചു. പ്രധാന ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്ന് മാറ്റി. അദാനി ഗ്രൂപ്പ് അടക്കമുള്ള കുത്തകകൾ ഇൗ മേഖലയിൽ വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. ഇവരുടെ താൽപ്പര്യം സംരക്ഷിക്കാൻ ടൈറ്റാനിയത്തെ കൈയൊഴിയാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എൽഡിഎഫ് സർക്കാർ അവസാന ബജറ്റിൽ ടൈറ്റാനിയത്തിനായി 19.69 കോടി രൂപ നീക്കിവച്ചത് യുഡിഎഫ് സർക്കാർ 13.30 കോടിയായി വെട്ടിക്കുറച്ചിരുന്നു.









0 comments