print edition സ്‌കൂളുകളിൽ പരിശീലനം രാവിലെ 10.30ന് അവസാനിപ്പിക്കണം

ബാലാവകാശ കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ, മേയിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻസിസി, എസ്‌പിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പരേഡ്, പരിശീലനം, അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കാനാണ് കമീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, ഡോ.വിൽസൺ എന്നിവരുടെ ഫുൾബഞ്ച് ഉത്തരവായത്. വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം ധരിക്കുന്നതിൽ താൽക്കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണം.
ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുത്. സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിലാണ് ഉത്തരവ്. നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്‌പിസി സ്‌റ്റേറ്റ് നോഡൽ ഓഫീസർ, എൻസിസി അഡിഷണൽ ഡയറക്ടർ ജനറൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് കമീഷണർ എന്നിവർ നടപ്പാക്കണം. നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമീഷനെ അറിയിക്കണമെന്നും നിർദേശിച്ചു.











0 comments