ട്രെയിൻ ടിക്കറ്റ്: കൗണ്ടറുകളിലെ പണമിടപാട് ഓൺലൈനിൽ; വലഞ്ഞ് യാത്രക്കാർ

കണ്ണൂർ : റെയിൽവേ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിലെ നിർബന്ധിത ഓൺലൈൻ പണമിടപാടിൽ വലഞ്ഞ് യാത്രക്കാർ. പ്രായമേറിയവർ ഉൾപ്പെടെ ഓൺലൈൻ വഴി പണമടയ്‌ക്കാനാകാത്തതിനാൽ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിൽ. ഓൺലൈൻ പണമിടപാടിന് കൊമേഴ്‌സ്യൽ വിഭാഗം ക്വാട്ട നിശ്‌ചയിച്ചതോടെ കൗണ്ടറിൽ പണവുമായി ചെന്നാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലെ പണമടയ്‌ക്കൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഇന്ത്യ സ്കീം പ്രകാരം ക്യൂആർ കോഡ് ഡിസ്‌പ്ലേ ഉപകരണം സ്ഥാപിച്ചത്. യാത്രക്കാർക്ക് പണത്തിന്റെയോ ചില്ലറയുടെയോ ബുദ്ധിമുട്ടില്ലാതെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് വാങ്ങാൻ കഴിയും. എന്നാലിത് നിർബന്ധമാക്കിയതോടെ പണം നൽകി ടിക്കറ്റ് വാങ്ങാൻ റെയിൽവേ കൗണ്ടർ ജീവനക്കാർ സമ്മതിക്കുന്നില്ല.
കൗണ്ടറുകളിലുള്ള ജീവനക്കാർക്ക് മണിക്കൂറുകൾ ഇടപെട്ട് കമേഴ്‌സ്യൽ വിഭാഗത്തിന്റെ പരിശോധന ഉണ്ടാകും. ഓരോ മണിക്കൂറിലും ഓൺലൈൻ ഇടപാട് കുറഞ്ഞാലുണ്ടാകുന്ന രൂക്ഷമായ പ്രതികരണം ഭയന്ന് ജീവനക്കാരും കൗണ്ടറിലെത്തുന്നവരെ നിർബന്ധിക്കുകയാണ്.
ക്യൂവിൽ നിൽക്കുന്ന മുഴുവനാളുകളുടെയും പണം ഓൺലൈനിൽ വാങ്ങുകയാണ് കൗണ്ടർ ജീവനക്കാർ.
പ്രായമുള്ളവർ ക്യൂവിൽനിന്ന് മുന്നിലെത്തുമ്പോഴാണ് ഓൺലൈനിൽ പണമടയ്‌ക്കാൻ നിർദേശം ലഭിക്കുക. പലപ്പോഴും പണം കൈയിലുണ്ടായിട്ടും ഓൺലൈൻ ചെയ്യാനാകാതെ ഇവർ വലയുന്നതും സ്ഥിരം കാഴ്‌ചയാണ്. മഴക്കാലമായതിനാൽ പലസമയത്തും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും ഉണ്ടാകും. ഇത്തരത്തിൽ പണമടക്കാൻ കഴിയാതെയും ആളുകൾ വലയുന്നുണ്ട്.










0 comments