print edition സ്റ്റോപ്പുണ്ടായിട്ടും ട്രെയിൻ നിർത്തിയില്ല, പിന്നോട്ടെടുത്ത് സ്റ്റേഷനിലെത്തിച്ചു

പ്രതീകാത്മക ചിത്രം
കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിൻ നിർത്താതെ മുന്നോട്ടുപോയി. അബദ്ധം മനസ്സിലായ ലോക്കോ പൈലറ്റ് ട്രെയിൻ അൽപ്പം അകലെ മാറ്റി നിർത്തിയശേഷം പിന്നോട്ടെടുത്ത് സ്റ്റേഷനിലെത്തിച്ചു.
തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കുപോയ ഇന്റർസിറ്റി എക്‌സ്‌പ്രസ് ആണ് മയ്യനാട്ട് നിർത്താതെ മുന്നോട്ടുപോയത്.
ഞായർ വൈകിട്ട് 6.18നാണ് സംഭവം. നിരവധി യാത്രക്കാർ ഇറങ്ങാനും കയറാനും ഉണ്ടായിരുന്നു. ട്രെയിൻ നിർത്താതെ കടന്നുപോയപ്പോൾ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നവർ കൈകാണിച്ച് ബഹളം കൂട്ടുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു.
സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു. ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പോകുന്നതിന്റെയും പിന്നീട് തിരികെ വരുന്നതിന്റെയും വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.
മയ്യനാട് സ്റ്റേഷനിൽ രണ്ട് ലൈൻ മാത്രമാണുള്ളത്. തിരുവനന്തപുരം, എറണാകുളം ലൈനിനോട് ചേർന്നാണ് പ്ലാറ്റ്‌ഫോം എന്നതിനാൽ ലൂപ്പ് ലൈനും ഇവിടെ ഇല്ല. മറ്റ് ചെറിയ സ്റ്റേഷനുകളിൽ ഉള്ളതുപോലെ ട്രെയിൻ നിർത്താൻ സിഗ്‌നലും ഇല്ല.
ലോക്കോ പൈലറ്റ് സ്വയം മനസ്സിലാക്കി ഇവിടെ ട്രെയിൻ നിർത്തണം. ഇൗ ട്രെയിൻ സ്ഥിരമായി ഓടിക്കുന്ന ലോക്കോ പൈലറ്റാണോ ഞായറാഴ്‌ച ഓടിച്ചിരുന്നത് എന്ന് വ്യക്തമല്ല. കൊല്ലം സ്റ്റേഷനിൽനിന്നുള്ള ലോക്കോ പൈലറ്റ് അല്ലെന്ന് വ്യക്തമായിട്ടുണ്ട്. ലോക്കോ പൈലറ്റ് മറന്നതാണോ അതോ സ്റ്റേഷന് നിശ്‌ചിത അകലെവച്ച് ബ്രേക്ക് ചവിട്ടിയിട്ടും കിട്ടാതിരുന്നതാണോ എന്നും അന്വേഷണത്തിലൂടെയേ തെളിയൂ.










0 comments