print edition ഷിഗല്ല ഭീതിയിൽ തൃശൂർ

പ്രതീകാത്മക ചിത്രം
തൃശൂർ: പ്രതിരോധ പ്രവർത്തനങ്ങളിലെ ആരോഗ്യ വിഭാഗത്തിന്റെ കടുത്ത അനാസ്ഥയെത്തുടർന്ന് ജില്ലയിൽ ഷിഗല്ല വ്യാപിക്കുന്നു. 11 ദിവസത്തിനിടെ ജില്ലയിൽ സ്ഥിരീകരിച്ചത് 14 ഷിഗല്ല കേസുകൾ. ഇതിൽ ഒമ്പതും നഗരത്തിനടുത്ത തോളൂരാണ്. ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ തോളൂരിലെ രോഗബാധിതരിൽ ഉൾപ്പെടുന്നു. അടാട്ട് രണ്ടുകേസുകളും വടക്കാഞ്ചേരി നഗരസഭ, പാവറട്ടി, അരിമ്പൂർ എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു.
11വരെ സംസ്ഥാനത്ത് 23 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിൽ പകുതിയിലേറെയും തൃശൂരിലാണെന്നത് ഗുരുതര ആശങ്കയാണ് ഉയർത്തുന്നത്. ജില്ലയിൽ തുടർച്ചയായി രോഗബാധ റിപ്പോർട്ട് ചെയ്തിട്ടും വ്യാപനസാധ്യത മുൻകൂട്ടി തിരിച്ചറിയാനോ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനും പരിശോധന വ്യാപിപ്പിക്കാനും അടിയന്തര ഇടപെടൽ നടത്തേണ്ടതായിരുന്നു.
കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ ശുചിത്വം, മാലിന്യ സംസ്കരണം, രോഗബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കേണ്ട ഘട്ടമാണിത്. രോഗവ്യാപനത്തിന്റെ സാധ്യതകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധം ശക്തമാക്കുന്നതിനുപകരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രം ഇടപെടുന്ന രീതിയാണ് തുടരുന്നതെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.









0 comments