print edition മോനെ ഗിരി.. ഇനിയില്ല ആ അമ്മവിളി

ഗൗരി
സി എ പ്രേമചന്ദ്രൻ
Published on Apr 24, 2026, 01:24 AM | 2 min read
തൃശൂർ: ഗിരിയെവിടെ... മോനെത്തിയില്ലല്ലോ... മകനെ കാണാതെ അമ്മ ഗൗരിയുടെ നെഞ്ചകം പിടയുകയായിരുന്നു. ആ കാത്തിരിപ്പിനിടെ ഗൗരിയുടെ കണ്ണുകളടഞ്ഞു. തൃശൂർ പൂരം തിരുവമ്പാടി വിഭാഗക്കാരുടെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന് കാണാതായ ഗിരിയുടെ അമ്മ ഗൗരിയാണ് (74) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. ചൊവ്വാഴ്‌ച അപകടം നടന്ന സമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ട്‌പുരയിൽ ഗിരിയുമുണ്ടായിരുന്നു. പിന്നീട് കണ്ടെത്താനായിട്ടില്ല. ഇൗ വിവരം വീട്ടുകാർ അമ്മയെ അറിയിച്ചിരുന്നില്ല.
പക്ഷാഘാതത്തെത്തുടർന്ന് ഗൗരി ആശുപത്രിയിലായിരുന്നു. സഹോദരൻ ഹരിക്ക് പുലർച്ചെമുതൽ പാൽക്കച്ചവടമായതിനാൽ ഗിരിയായിരുന്നു ആശുപത്രിയിൽ കൂടുതൽ സമയവും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നത്. വീട്ടിലെ കാര്യങ്ങൾ ഹരി നോക്കും. തിങ്കളാഴ്‌ച ആശുപത്രിയിൽ നിന്ന് ഗൗരിയെ വീട്ടിലേക്ക് കൊണ്ടുപോന്നു.
ഗിരിയും ഹരിയും തിരുവമ്പാടി പൂരം ആഘോഷ കമ്മിറ്റിക്കാരാണ്. വെടിക്കെട്ട് ചുമതലക്കാരുമാണ്. ഇരുവർക്കും പൂരവും വെടിക്കെട്ടും ലഹരിയാണ്.
ചൊവ്വാഴ്‌ച വെടിക്കെട്ട് കാര്യങ്ങൾ അന്വേഷിക്കാനാണ് ഗിരി സ്വന്തം ഓട്ടോയിൽ സുഹൃത്തുക്കൾക്കൊപ്പം മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലേക്ക് പോയത്. തുടർന്നായിരുന്നു ദുരന്തം. ഹരിയും പോകാനൊരുങ്ങിയിരുന്നു. അമ്മയെ നീ നോക്ക് എന്ന് പറഞ്ഞാണ് ഗിരി പോയത്. ‘ വെടിക്കെട്ട് അപകടമുണ്ടായാൽ എന്താ സംഭവിക്കാന്ന് കൃത്യമായി അറിയാം. വർഷങ്ങളായി ഞങ്ങൾ ഇതിന് പിന്നിലാണ്. ഇപ്പോൾ അമ്മയും പോയി ’– ഉള്ളുലഞ്ഞ് ഹരിയുടെ വാക്കുകൾ ഇതായിരുന്നു.
കോട്ടപ്പുറം സ്വദേശികളായ മണികണ്‌ഠൻ, സഹോദരൻ രാജീവ്, അഭിജിത്ത്, പുതൂർക്കര സ്വദേശി വിഷ്‌ണു എന്നിവർക്കൊപ്പമാണ് ഗിരി മുണ്ടത്തിക്കോട്ടേക്ക് പോയത്. രാജീവ് ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു പൊട്ടിത്തെറി. മണികണ്‌ഠന്റെ ചെവിയിലെ കമ്മൽ തിരിച്ചറിഞ്ഞ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മറ്റു മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഗൗരിയുടെ സംസ്‌കാരം നടത്തി. കോട്ടപ്പുറം ചേലാട്ട് ലെയ്‌നിൽ പള്ളത്ത് കരുമാലി പരേതനായ മോഹനനാണ് ഭർത്താവ്. ഹരി സിപിഐ എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയാണ്. കോർപറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി അംഗവും സിപിഐ എം ബ്രാഞ്ചംഗവുമാണ്. മരുമകൾ: ദിവ്യ.
മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ഗൗരിക്ക് അന്ത്യോപചാരം അർപ്പിച്ചു.










0 comments