print edition ആറുപേർക്ക് പുതുജീവനേകി ത്രേസ്യാമ്മ

ത്രേസ്യാമ്മ വർഗീസ്
കൊച്ചി : ആറുപേർക്ക് പുതുജീവിതം പകർന്ന് കൊട്ടാരക്കര സ്വദേശിനി ത്രേസ്യാമ്മ വർഗീസ് (57) യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച ത്രേസ്യാമ്മയുടെ ഹൃദയം, രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലം എന്നിവ കുടുംബാംഗങ്ങൾ ദാനംചെയ്തു. കൊട്ടാരക്കര ഓടനാവട്ടം ജിജിൻ ജെ കോട്ടേജിൽ ത്രേസ്യാമ്മ വർഗീസ് ഓടനാവട്ടത്ത് ഫാർമസിസ്റ്റായിരുന്നു.
ഹൃദയം എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള തൃത്താല സ്വദേശിയായ 64-കാരനിൽ വിജയകരമായി വച്ചുപിടിപ്പിച്ചു. ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും രണ്ട് നേത്രപടലവും അമൃത ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.
കെ- സോട്ടോയുടെ നേതൃത്വത്തിൽ അവയവദാന നടപടികൾ 15ന് പൂർത്തിയായി. ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായതായും രോഗികൾ സുഖം പ്രാപിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
തലവേദനയെത്തുടർന്ന് 11-നാണ് ത്രേസ്യാമ്മയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് നില ഗുരുതരമായി. 15-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. മരണാനന്തരം അവയവങ്ങൾ ദാനംചെയ്യണമെന്നത് ത്രേസ്യാമ്മയുടെ ആഗ്രഹമായിരുന്നു. ഭർത്താവ്: വർഗീസ് ജോർജ് (ദുബായ്). മക്കൾ: ജിജോ വർഗീസ്, ജിജിൻ വർഗീസ്. സംസ്കാരം ശനിയാഴ്ച നടക്കും.








0 comments