print edition കോൺഗ്രസിലേക്കെന്ന് സൂചന: വിമത നീക്കത്തിലുറച്ച് ഉണ്ണിയാടൻ

ഉണ്ണിയാടൻ

സി എ പ്രേമചന്ദ്രൻ
Published on Sep 20, 2026, 01:30 AM | 1 min read
തൃശൂർ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തമ്മിൽത്തല്ലിന് പിന്നാലെ, സംസ്ഥാന– ജില്ലാ നേതൃത്വത്തിന്റെ എതിർപ്പുകളെ അവഗണിച്ച് വിമത നീക്കവുമായി പാർടി ഡെപ്യൂട്ടി ചെയർമാനും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ. വിമതശബ്ദക്കാർചേർന്ന് തൃശൂരിൽ സംഘടിപ്പിച്ചതുപോലെ, മറ്റുജില്ലകളിൽ സംഘടിപ്പിക്കുന്ന സുഹൃദ് സംഗമങ്ങളിലും പങ്കെടുക്കുമെന്ന് ഉണ്ണിയാടൻ വ്യക്തമാക്കി.
പാർടിയിൽനിന്ന് പുറത്താക്കിയാൽ കോൺഗ്രസിൽ ചേരാനും മടിയില്ലെന്ന സൂചനകളാണ് ഉണ്ണിയാടൻ നൽകുന്നത്. ജില്ലാ – സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയാണ് സൗഹൃദക്കൂട്ടായ്‌മയുടെ പേരിൽ വെള്ളിയാഴ്‌ച തൃശൂരിൽ ഉണ്ണിയാടന് സ്‌നേഹാദരം സംഘടിപ്പിച്ചത്. ഇതിന് സമാന്തരമായി ഇരിങ്ങാലക്കുടയിൽ ഒൗദ്യോഗിക വിഭാഗം നടത്തിയ സമ്മേളനം ഉണ്ണിയാടൻ വിഭാഗം അലങ്കോലമാക്കിയിരുന്നു.
എംഎൽഎ പദവിയിൽ 25 വർഷം പൂർത്തിയാക്കിയ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്ന് ഉണ്ണിയാടൻ വീണ്ടും തുറന്നടിച്ചു. ‘കോൺഗ്രസ് നൽകിയ പിന്തുണയിൽ വലിയ സന്തോഷം. കോൺഗ്രസ് സ്വന്തം സംഘടനപോലെയാണ്. സുഹൃദ് സംഗമവുമായി ബന്ധപ്പെട്ട് പാർടി ചെയർമാൻ പി ജെ ജോസഫോ മന്ത്രി മോൻസ് ജോസഫോ ഇതുവരെ ബന്ധപ്പെട്ടില്ല.
എല്ലാ ജില്ലകളിൽനിന്നും സുഹൃദ് സംഗമത്തിലേക്ക് ആളുകൾ ക്ഷണിക്കുന്നു. എല്ലായിടത്തും പങ്കെടുക്കും’ – അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള കോൺഗ്രസ് സമ്മേളനത്തിൽ ഒരുവിഭാഗം അക്രമം നടത്തിയ സംഭവത്തിൽ പാർടി ചെയർമാൻ പി ജെ ജോസഫ് അന്വേഷണ കമീഷനെ നിയോഗിച്ചതായി ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് പറഞ്ഞു. ചടങ്ങ് ഉദ്‌ഘാടനംചെയ്‌ത എഐസിസി സെക്രട്ടറി ടി എൻ പ്രതാപന്റെ പ്രസംഗം മുന്നണി മര്യാദകളുടെ ലംഘനമാണ്. പാർടി ചെയർമാനെ തരംതാഴ്‌ന്ന രീതിയിൽ വിമർശിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments