Deshabhimani

print edition തിരുവനന്തപുരം മൃഗശാല; എന്തിന് മാറ്റണം, ആർക്കുവേണ്ടി മാറ്റണം

trivandrum zoo arunraj

ഫോട്ടോ : എ ആർ അരുൺരാജ്

avatar
എസ് കിരൺബാബു

Published on Sep 19, 2026, 01:00 AM | 3 min read

തിരുവനന്തപുരം മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനവും അതിനെ പിന്തുണച്ച് ബിജെപി മേയർ വി വി രാജേഷ് രംഗത്തെത്തിയതും വലിയ ചർച്ചയായി. വാർത്തയ്ക്ക് പിന്നാലെ തലസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചോദിക്കുകയാണ്: "എന്തിന് മാറ്റണം ? ആർക്കുവേണ്ടി മാറ്റണം ?.' നഗരമധ്യത്തിൽ 167 വർഷമായി തലയുയർത്തിനിൽക്കുന്ന, കോടികൾ വിലമതിക്കുന്ന ഈ 30 ഏക്കർ പൈതൃകഭൂമി ഒഴിപ്പിച്ചെടുക്കാൻ പറയുന്ന മുടന്തൻന്യായങ്ങളും അതിനുപിന്നിലെ യാഥാർഥ്യങ്ങളും പരിശോധിക്കാം.



മുഖ്യമന്ത്രി വി ഡി സതീശന് പെട്ടെന്ന് മൃഗങ്ങളോടിത്ര വലിയ ‘സ്നേഹം’ പൊട്ടിമുളയ്ക്കാൻ എന്താണ് കാരണം? നഗരത്തിന്റെ നടുമുറ്റത്തു കിടക്കുന്ന, വിലമതിക്കാനാകാത്ത 30 ഏക്കറിലേക്കുള്ള കോർപറേറ്റ് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കച്ചവടക്കണ്ണാകാം . കോൺഗ്രസും ബിജെപിയും വിഷയത്തിൽ ഒരേസ്വരത്തിൽ രംഗത്തുവന്നതും ദുരൂഹത വർധിപ്പിക്കുന്നു. 1830-കളിൽ സ്വാതിതിരുനാൾ തുടക്കമിട്ട്, 1859-ൽ ഉത്രംതിരുനാളും ജനറൽ കല്ലനും ചേർന്ന് സ്ഥാപിച്ച, ലണ്ടൻ ക്യൂ ഗാർഡൻസിന്റെ മാതൃകയിലുള്ള ബൊട്ടാണിക്കൽ ഗാർഡനും നേപ്പിയർ മ്യൂസിയവും അടങ്ങുന്ന ഈ ചരിത്രപൈതൃകം തലസ്ഥാനത്തിന്റെ ഹരിതശ്വാസകോശമാണ്. പൊതുജനങ്ങളുടെയും വരുംതലമുറകളുടെയും സ്വത്തായ ഈ ഇടം നാളെ ആരുടെ താൽപ്പര്യത്തിനാണ് വിട്ടുകൊടുക്കുക? ആഡംബര റിസോർട്ടുകൾ വരുമോ? നക്ഷത്രഹോട്ടലുകൾ വരുമോ? വൻകിട കോൺക്രീറ്റ് വാണിജ്യസമുച്ചയങ്ങൾ വരുമോ? ഇതിനൊന്നും സർക്കാരിന് ഉത്തരമില്ല.


നഗരഹൃദയത്തിലെ മൃഗശാലയിൽ വർഷം ഏകദേശം 14 ലക്ഷം സന്ദർശക‌‌ർ എത്തുന്നു. നൂറിലേറെ സസ്യവർഗങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമേറിയ വന്മരങ്ങൾ, സ്വാഭാവിക ജലാശയം, നൂറോളം ഇനം പക്ഷികൾ, 120- ഇനം ചിത്രശലഭങ്ങൾ, 98 ഇനങ്ങളിലായി 1025- മൃഗങ്ങൾ–നഗരത്തിനുള്ളിൽ നിലനിൽക്കുന്ന അപൂർവമായൊരു ഹരിത ആവാസവ്യവസ്ഥയാണ്. ഇവിടത്തെ വൃക്ഷക്കൂട്ടം തലസ്ഥാന നഗരത്തിന് സവിശേഷമായ ഒരു സൂക്ഷ്‌മ കാലാവസ്ഥ നൽകുന്നുണ്ടെന്ന് കേന്ദ്ര മൃഗശാല അതോറിറ്റിയും സാക്ഷ്യപ്പെടുത്തുന്നു.


മൃഗക്ഷേമം ഉറപ്പാക്കാൻ ആധുനിക സൗകര്യങ്ങൾ വേണമെന്നതിൽ തർക്കമില്ല. മൃഗശാലയിൽ പഴയ ഇരുമ്പഴിക്കൂടുകൾ ഘട്ടംഘട്ടമായി മാറ്റി കൂടുതൽ വിശാലവും പ്രകൃതിദത്തവുമായ എൻക്ലോഷറുകൾ ഒരുക്കുന്ന നവീകരണങ്ങൾ നടന്നുവരികയാണ്. നിലവിലുള്ള സ്ഥലത്തുതന്നെ ശാസ്ത്രീയമായി ആധുനികീകരിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ആദ്യം വേണ്ടത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്താം. നിശാഗന്ധിയിലെ പരിപാടികളുമായി ബന്ധപ്പെട്ട ശബ്ദപ്രശ്നങ്ങളുണ്ടെങ്കിൽ ശബ്ദനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താം. പാർക്കിങ് പ്രശ്നമുണ്ടെങ്കിൽ കാര്യക്ഷമമായ പൊതുഗതാഗതവും സർക്കുലർ സർവീസുകളും മൾട്ടി-ലെവൽ പാർക്കിങ് സംവിധാനങ്ങളും ഒരുക്കാം.


​വെറുമൊരു പ്രദർശനശാലയല്ല മൃഗങ്ങളെ കൂട്ടിലടച്ച് പ്രദർശനവസ്തുവാക്കുന്ന പരമ്പരാഗതരീതിയോട് പലർക്കും വിയോജിപ്പുണ്ടാകാം. എന്നാൽ ‘മൃഗസ്നേഹം’ എന്ന പേരിൽ മൃഗശാലയെ കാട്ടിലേക്ക് മാറ്റുകയാണ് പോംവഴിയെന്ന് വാദിക്കുന്നവർ യാഥാർഥ്യങ്ങൾകൂടി മനസ്സിലാക്കണം. മൃഗശാലയിലെ ജീവികളെ അപ്പാടെ കാട്ടിലേക്ക് തുറന്നുവിടാനാകില്ല. ഓരോ ജീവിയുടെയും ആരോഗ്യസ്ഥിതി, പെരുമാറ്റം, മനുഷ്യപരിചരണത്തിലുള്ള ചരിത്രം, സ്വാഭാവികവനത്തിൽ അതിജീവിക്കാനുള്ള ശേഷി എന്നിവ വിലയിരുത്താതെ പുനരധിവാസം അപ്രായോഗികമാണ്. വനത്തിൽ അപകടത്തിൽപ്പെടുന്നതും അനാഥമാകുന്നതുമായ വന്യമൃഗങ്ങളെ രക്ഷിച്ച് പരിചരിക്കുന്ന ദൗത്യവും തിരുവനന്തപുരം മൃഗശാല നിർവഹിക്കുന്നുണ്ട്. ഇതിനായി സുസജ്ജമായ മൃഗാശുപത്രിയും പ്രത്യേക വെറ്ററിനറി സൗകര്യങ്ങളുമുണ്ട്.


വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങിന്റെ സംരക്ഷണത്തിന് മൃഗശാല സജീവപങ്കാളിയാണ്. വന്യജീവിസംരക്ഷണം, വെറ്ററിനറി സയൻസ്, ഗവേഷണം, പുനരധിവാസം എന്നിവയ്ക്ക് മൃഗശാല നൽകുന്ന സംഭാവനകളെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎൻ ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിട്ടുണ്ട്.


‘മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സാംക്രമികരോഗങ്ങൾ പടരാം, അതുകൊണ്ട് മൃഗശാല നഗരത്തിനു പുറത്തേക്ക് മാറ്റണം’ എന്നതാണ് മറ്റൊരു പ്രധാന വാദം. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ചില ജന്തുജന്യരോഗങ്ങൾ പകരാം. പക്ഷേ, അതിനുള്ള ശാസ്ത്രീയപരിഹാരം മൃഗശാല മാറ്റുകയല്ല. അങ്ങനെ തിരുവനന്തപുരം മൃഗശാലയിൽനിന്ന്‌ രോഗം മനുഷ്യർക്ക് പകർന്നിട്ടുമില്ല. മൃഗശാലയിൽ ബയോസെക്യൂരിറ്റി, ക്വാറന്റൈൻ, വെറ്ററിനറി നിരീക്ഷണം, ശുചിത്വം, വാക്സിനേഷൻ, സ്ക്രീനിങ് തുടങ്ങിയവ ശക്തിപ്പെടുത്തണം.


ലണ്ടനിലും സിംഗപ്പുരിലും ന്യൂയോർക്കിലുമെല്ലാം നഗരമധ്യത്തിൽ മൃഗശാലകൾ തലയുയർത്തി നിൽക്കുന്നത് ഇത്തരം കർശനമായ പ്രോട്ടോകോളുകളുടെ കരുത്തിലാണ്. നഗരത്തിനു പുറത്ത് പുതിയ പാർക്ക് നിർമിക്കാൻ കുറഞ്ഞത് 500 കോടി രൂപയെങ്കിലും ചെലവ് വരുമെന്നിരിക്കെ, തുച്ഛമായ ചെലവിൽ നിലവിലെ സംവിധാനങ്ങൾ ആധുനികമാക്കാവുന്നതേയുള്ളൂ.


നാടുകടത്താൻ 500 കോടി ചെലവ്‌


മൃഗശാലയെ കാട്ടിലേക്ക് നാടുകടത്തുന്നതിന്‌ ചെലവേറും. പുതിയ സ്ഥലം കണ്ടെത്തൽതന്നെയാണ്‌ വലിയ വെല്ലുവിളി. അവിടെ മൃഗങ്ങൾക്ക്‌ അനുകൂലമായ ആവാസവ്യവസ്ഥ ഒരുക്കണം. റോഡടക്കം അനുബന്ധസംവിധാനങ്ങളും നിർമിക്കണം. മൃഗപരിപാലനകേന്ദ്രങ്ങൾ, വെറ്ററിനറി ആശുപത്രി, ജീവനക്കാർക്കും സന്ദർശകർക്കും വേണ്ട സ‍ൗകര്യങ്ങൾ, പാർക്കിങ്‌ തുടങ്ങിയവ ഒരുക്കണം. ഏകദേശം 500 കോടി രൂപയെങ്കിലും ഇതിനായി സർക്കാർ ചെലവിടേണ്ടിവരുമെന്നാണ്‌ മേഖലയിലെ വിദഗ്‌ധർ പറയുന്നത്‌. സാന്പത്തികപ്രതിസന്ധിയെന്ന്‌ ആവർത്തിക്കുന്ന സർക്കാർ, സ്വകാര്യ മേഖലയ്ക്ക്‌ തീറെഴുതാനാകും ശ്രമിക്കുക. വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളും ആവശ്യമായിവരും. മാത്രമല്ല, മൈസൂരുവിലടക്കം നഗരഹൃദയത്തിൽ മൃഗശാല പ്രവർത്തിക്കുന്നുണ്ട്‌.


തലസ്ഥാനത്ത്‌ നഗരമധ്യത്തിൽ തുച്ഛമായ പ്രവേശനഫീസ് നൽകി സാധാരണക്കാരായ കുടുംബങ്ങൾക്കും കുട്ടികൾക്കും എളുപ്പത്തിൽ വന്നുപോകാവുന്ന ചുരുക്കം ചില പൊതു ഇടങ്ങളിൽ ഒന്നാണ്‌ മൃഗശാല. അത്‌ അകലേക്കു മാറ്റിയാൽ സാധാരണക്കാരുടെ യാത്രച്ചെലവും സമയനഷ്ടവും ഇരട്ടിയാകും; വിനോദം സമ്പന്നർക്കുമാത്രമായി ചുരുങ്ങും. മാത്രമല്ല, തിരുവനന്തപുരത്തെയും സമീപജില്ലകളിലെയും സ്കൂൾ കുട്ടികളുടെ പ്രധാന പഠനയാത്രാ ലക്ഷ്യസ്ഥാനംകൂടിയാണിത്. നഗരത്തിനു പുറത്തേക്കു മാറ്റുന്നത് വിദ്യാർഥികളുടെ പ്രകൃതിപഠനസൗകര്യങ്ങളെ സാരമായി ബാധിക്കും.


167 വർഷത്തിന്റെ ചെറുപ്പം; പച്ചപ്പ്‌


രാജ്യത്തെതന്നെ ഏറ്റവും പഴക്കമേറിയ മൃഗശാലകളിൽ ഒന്നാണ്‌ തിരുവനന്തപുരത്തുള്ളത്‌. 167 വർഷംകൊണ്ട്‌ വളർന്നുവന്ന മരങ്ങളും സസ്യജാലങ്ങളും അതിനൊപ്പം രൂപപ്പെട്ട ആവാസവ്യവസ്ഥയുമാണ്‌ ഇവിടെയുള്ളത്‌. 55 ഏക്കറോളം വിസ്‌തൃതിയിലുള്ള മ്യൂസിയം വളപ്പിൽ 30 ഏക്കറിലാണ്‌ മൃഗശാല. കോൺക്രീറ്റ്‌ കാടായി മാറിയ നഗരത്തിന്റെ ശ്വാസകോശമാണിവിടം. 
 തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ (1813–47) കാലത്താണ്‌ മൃഗശാല സ്ഥാപിക്കുന്നതിലേക്ക്‌ നയിച്ച പ്രാരംഭനടപടികളുണ്ടായത്‌. അദ്ദേഹം അധികാരമേറ്റതിനുപിന്നാലെ തിരുവിതാംകൂർ വനങ്ങളിൽനിന്ന്‌ കടുവ, പുള്ളിപ്പുലി, ചീറ്റ, മാൻ, കാട്ടുപന്നി തുടങ്ങിയ വിവിധതരം വന്യമൃഗങ്ങളെ ഇവിടെയെത്തിച്ച്‌ കൂട്ടിലടച്ച്‌ പാർപ്പിച്ചിരുന്നു. വനംവകുപ്പിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും തെരഞ്ഞെടുത്ത മികച്ച ആനകളെ തിരുവനന്തപുരത്ത് എത്തിച്ചു. തോവാളയിലെ കുതിരവളർത്തൽകേന്ദ്രം അദ്ദേഹം ആധുനികീകരിക്കുകയും ചെയ്‌തു. ഉത്രംതിരുനാൾ മാർത്താണ്ഡവർമയും ബ്രിട്ടീഷ് റസിഡന്റായിരുന്ന വില്യം കല്ലനും ചേർന്നാണ് 1859ൽ മൃഗശാലയുടെ ചിട്ടവട്ടങ്ങളിലേക്ക്‌ ഔദ്യോഗികമായി ഈ സ്ഥാപനത്തെ എത്തിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home