print edition ജീവന്‍ നിലച്ച സമയം

സ്വന്തം ലേഖിക
Published on Apr 24, 2026, 01:10 AM | 1 min read
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് പാടത്ത് പൊട്ടിത്തെറിച്ച വെടിക്കോപ്പുകള്‍ക്കിടയില്‍ സമയം നിലച്ച ഒരു ക്ലോക്ക് കിടപ്പുണ്ട്.
3.25 ആണ് അതിലെ സമയം. സ്ഫോടനം നടന്നതാവട്ടെ ചൊവ്വാഴ്ച വൈകിട്ട് 3.20ന്. അതിനുശേഷം അഞ്ചുമിനിറ്റുകൂടി അത് പ്രവര്‍ത്തിച്ചു. പിന്നീടുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ ജീവനുകള്‍ക്കൊപ്പം ക്ലോക്കിലെ സൂചികളും നിലച്ചു. പക്ഷേ, പുറമേ കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല.
സ്ഫോടനത്തെ അതിജീവിച്ചവരുടെയും മരിച്ചവരുടെയും പ്രതീകമാകുകയാണ് ഈ ക്ലോക്ക്.
വെടിപ്പുര കേന്ദ്രത്തില്‍ സമയം നോക്കാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത് ഈ ക്ലോക്കായിരുന്നു. സമയം അറിയാന്‍ വാച്ചും മൊബൈലും യുവാക്കള്‍ ഉപയോഗിച്ചിരുന്നെങ്കിലും പ്രായമായവരെല്ലാം ഈ ക്ലോക്ക് തന്നെയാണ് ഉപയോഗിച്ചിരുന്നത്. പരിശോധനയ്ക്കിടെ തലപ്പിള്ളി തഹസില്‍ദാര്‍ എം സി അനുപമനാണ് സമയം നിലച്ച ക്ലോക്ക് കണ്ടെത്തിയത്. സമയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊട്ടിത്തെറിച്ച വെടിക്കോപ്പുകള്‍ക്കൊപ്പം സുരക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു.










0 comments