print edition 4 മാസത്തിനിടെ കാട്ടാനയെടുത്തത് 13 ജീവൻ; റീൽസിനും സെമിനാറിനും ധൂർത്തടിച്ച് സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമാകുന്പോഴും നോക്കുകുത്തിയായി വനം വകുപ്പ്. നാല് മാസത്തിനിടെ 13 പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തി മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികളെന്ന പേരിൽ സെമിനാറിനും ചർച്ചയ്‌ക്കും ഷോർട്‌ഫിലിമും റീൽസും ഉണ്ടാക്കാനും ലക്ഷങ്ങളാണ് പൊടിക്കുന്നത്. വനം–വന്യജീവി വാരാഘോഷത്തിന്റെ പേരിലും പണമൊഴുക്കുന്നുണ്ടെങ്കിലും ജനങ്ങളെ വന്യജീവികളിൽനിന്ന് രക്ഷിക്കാൻ പ്രായോഗികമായി ഒന്നും ചെയ്യുന്നില്ല.
കഴിഞ്ഞ പത്ത് വർഷത്തെ പദ്ധതികളുടെ തുടർപ്രവർത്തനവും യുഡിഎഫ് അവതാളത്തിലാക്കി. രാഷ്‌ട്രപതിയുടെ മുന്നിൽ കേരളം അംഗീകാരത്തിനായി സമർപ്പിച്ച വനം – വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിനെയും അവഗണിച്ചു. കേരളത്തെ 14 മേഖലയായി തിരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കിയെന്ന് വനം-മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് പറഞ്ഞതല്ലാതെ മുന്നോട്ട് പോയിട്ടില്ല.









0 comments