print edition നവാഗതർ 2.5 ലക്ഷം; സ്കൂളിൽ 1.23 ലക്ഷം കുട്ടികൾ കുറഞ്ഞു

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Jun 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ 2026 – 27 അധ്യയനവർഷം കഴിഞ്ഞ വർഷത്തേക്കാൾ 1, 23, 508 വിദ്യാർഥികളുടെ കുറവ്. 4706 സർക്കാർ സ്‌കൂളുകളിലായി കഴിഞ്ഞ വർഷത്തേക്കാൾ 61,286 പേരുടെയും 7194 എയ്‌ഡഡ് സ്‌കൂളുകളിലായി 70,082 പേരുടെയും കുറവുണ്ടായി. 1031 അൺ എയ്‌ഡഡ് സ്‌കൂളുകളിൽലായി 7860 കുട്ടികൾ വർധിച്ചു.
സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് സ്‌കൂളുകളിലായി 2026–27 അധ്യയനവർഷം ആകെ 34,11,194 കുട്ടികളാണ് ഉള്ളത്. ഒന്നാംക്ലാസിൽ എത്തിയത് 2,50,858 പേർ. ആറാം പ്രവൃത്തി ദിനത്തിൽ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
ഒന്നാംക്ലാസ് പ്രവേശനത്തിലുണ്ടായ കുറവ് 31,481 ആണ്. സർക്കാർ മേഖലയിൽ 11,013 പേരുടെയും എയ്‌ഡഡ് മേഖലയിൽ 16,757 പേരുടെയും അൺ എയ്‌ഡഡ് മേഖലയിൽ 3711 പേരുടെയും കുറവുണ്ടായി.
സർക്കാർ, എയ്‌ഡഡ് മേഖലയിൽ കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് വലിയ കുറവ്. അൺ എയ്‌ഡഡ് മേഖലയിൽ ഏഴ് ജില്ലകളിൽ കുട്ടികൾ കൂടുതലായി എത്തി. എന്നാൽ, രണ്ടുമുതൽ 10വരെ ക്ലാസുകളിൽ പൊതുവിദ്യാലയങ്ങളിൽ 49,297 കുട്ടികൾ അധികമായെത്തി. 2026–27 അധ്യയന വർഷത്തെ അധ്യാപക തസ്തികനിർണയം ആറാം പ്രവൃത്തിദിനത്തിൽ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്.
ആധാർ ഇല്ലാത്ത കുട്ടികളെയും തെറ്റായ ആധാർ നമ്പർ രേഖപ്പെടുത്തിയവരെയും പരിഗണിച്ചിട്ടില്ല. കൂടുതൽ കുട്ടികൾ പഠിക്കുന്നത് മലപ്പുറം ജില്ലയിലാണ്, 7,71,840 പേർ. കുറവ് പത്തനംതിട്ടയിലും (70,852). പട്ടികജാതി വിദ്യാർഥികൾ 3,40,316 പേരും പട്ടികവർഗ വിദ്യാർഥികൾ 65,624 പേരും ആണ്.











0 comments