print edition മയ്യഴിയുടെ കഥാകാരൻ ശതാഭിഷേക നിറവിൽ


സ്വന്തം ലേഖകൻ
Published on Sep 10, 2026, 01:30 AM | 1 min read
തലശേരി: അക്ഷരങ്ങളിലൂടെ ഭാവനയുടെ ആകാശം തീർത്ത മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ശതാഭിഷേക നിറവിൽ. കുടുംബസമേതമുള്ള യാത്രയ്ക്കിടെയാണ് ഇത്തവണത്തെ ജന്മദിനം. പ്രത്യേക ആഘോഷങ്ങളില്ല. ഫ്രഞ്ച് മയ്യഴിയിൽ മണിയമ്പത്ത് കൃഷ്ണന്റെയും കൊറുന്പാത്തിയമ്മയുടെയും മകനായി 1942 സെപ്തംബർ 10നാണ് ജനനം. രോഗപീഡകൾ നിറഞ്ഞ കുട്ടിക്കാലത്തെ ഏകാന്തതയിലിരുന്നാണ് മുകുന്ദൻ വാക്കുകളെ സ്വപ്നം കാണാൻ തുടങ്ങിയത്.1962ൽ ഡൽഹിയിൽ എത്തിയശേഷം ആദ്യകഥ ‘നിരത്ത്’ പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി ചെറുകഥകളും നോവലുകളും. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, പ്രവാസം തുടങ്ങിയ നോവലുകളിൽ മയ്യഴിയുടെ ചരിത്രവും സംസ്കാരവും ഇഴചേർന്നു.
ആധുനികതയുടെ വരവറിയിച്ച സൃഷ്ടികളിലൂടെ മലയാള സാഹിത്യത്തിൽ ഇടംനേടിയ എഴുത്തുകാരന്റെ മനസ്സുനിറയെ ഇപ്പോഴും കഥയും കഥാപാത്രങ്ങളുമാണ്. പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോഴും. അടുത്തിടെ തന്നെ കാണാനെത്തിയ മലപ്പുറം പെരിന്തൽമണ്ണയിൽനിന്നുള്ള വിദ്യാർഥികളോട് മുകുന്ദൻ പറഞ്ഞത്, മയ്യഴിയെക്കുറിച്ച് ഇനിയും എഴുതാനുണ്ടെന്നാണ്. 100 വർഷം മുന്പുള്ള മയ്യഴിയാണ് കഥാവിഷയം. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലിന്റെ പിറവിയെക്കുറിച്ച് മുകുന്ദൻ ഓർക്കുന്നു. ‘ചന്ദ്രികയുടെ പാദസരത്തിന്റെ കിലുക്കമാണ് ആദ്യം മനസ്സിൽ വന്നത്. അത് വളർന്ന് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലായി. ആദ്യവാചകം എഴുതുമ്പോൾ എനിക്ക് പേടിയാണ്. പൂർണമാക്കാൻ കഴിയുമോ എന്ന ആശങ്ക. അവസാന വരി എഴുതുമ്പോൾ ആശങ്ക സന്തോഷത്തിന് വഴിമാറും. എഴുതിക്കഴിഞ്ഞത് അച്ചടിച്ചുകാണുമ്പോൾ ഇനിയും നന്നാക്കാമായിരുന്നു എന്നും തോന്നും.’
ബാല്യത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ജാഥയിൽ പങ്കെടുത്തതുമുതൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു മുകുന്ദന്റെ സഞ്ചാരം. ഡൽഹി ഫ്രഞ്ച് എംബസിയിൽനിന്ന് ഡെപ്യൂട്ടി കൾച്ചറൽ അറ്റാഷേയായി 2004ൽ വിരമിച്ചശേഷം മയ്യഴിയിലേക്ക് മടങ്ങി. പള്ളൂരിലെ മണിയന്പത്ത് വീട്ടിലാണിപ്പോൾ താമസം. ഭാര്യ: ശ്രീജ. മക്കൾ: പ്രീതിഷ്, ഭാവന.









0 comments