പി വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരെ തിരിച്ചെടുത്ത ഉത്തരവ് റദ്ദാക്കി

മലപ്പുറം: മുൻ എംഎൽഎ പി വി അൻവറിനും മാധ്യമങ്ങൾക്കും പൊലീസിലെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് സസ്‌പെൻഷനിലായ പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഇരുവരുടെയും സസ്‌പെൻഷൻ പുനഃസ്ഥാപിച്ചതിന് പുറമെ ഉത്തരവ് ഇറങ്ങിയതു സംബന്ധിച്ച് വിശദ അന്വേഷണത്തിന് കെഎപി രണ്ട് ബറ്റാലിയൻ കമാൻഡന്റ് ആർ രാജേഷിനെ ചുമതലപ്പെടുത്തി അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ആർ ആനന്ദ് ഉത്തരവിറക്കി.
സസ്‌പെൻഷനിലായി ആഴ്‌ചകൾ പിന്നിടും മുന്നേ സസ്‌പെൻഷൻ പിൻവലിച്ചത് വിവാദമായിരുന്നു. ഇരുവർക്കുമെതിരായ അന്വേഷണ റിപ്പോർട്ടും പൂർത്തിയായിട്ടില്ല. തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ഏപ്രിൽ 28നാണ് അരീക്കോട് സെ്‌പഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഹവീൽദാർ മുഹമ്മദ് ഇല്ല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
മാർച്ച് 13ന് ഇവരെ സസ്‌പൻഡ് ചെയ്യണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചെങ്കിലും 45 ദിവസം കഴിഞ്ഞാണ് നിർദേശം നടപ്പായത്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഹവീൽദാർ വിനീത് കഴിഞ്ഞ ഡിസംബർ 15ന് ക്യാമ്പിൽ വെടിവച്ച് ആത്മഹത്യ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അൻവർ നടത്തിയ വാർത്താസമ്മേളനത്തിൽ അരീക്കോട് എസ്‌എജിയിലെ ഉദ്യോഗസ്ഥരുടെ പേരും ഡ്യൂട്ടി വിവരങ്ങളുമടക്കം പുറത്തുവിട്ടിരുന്നു. സ്‌പെഷ്യൽ ഗ്രൂപ്പിന്റെ രഹസ്യ പ്രവർത്തനത്തിന് നിരക്കാത്തവിധം പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഏപ്രിൽ 28 മുതൽ ഇരുവരെയും സസ്‌പെൻഡ് ചെയ്‌തത്.
അന്വേഷണത്തിന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് എൻ വി സതീഷ് ബാബുവിനെ ചുമതലപ്പെടുത്തി. ഇതിനിടയിലാണ് സേനാംഗങ്ങളുടെ പരിശീലനത്തിന് ആളില്ലെന്ന കാരണം പറഞ്ഞ് ഇരുവരെയും തിരിച്ചെടുത്തത്. രണ്ടു പേരെയും ഒരേ ഉത്തരവിൽ സസ്‌പൻഡ് ചെയ്‌തതാണെന്നിരിക്കെ തിരിച്ചെടുക്കാൻ ഇരുവർക്കും പ്രത്യേകം ഉത്തരവിറക്കിയതും അതിന്റെ പകർപ്പ് നടപടി നേരിട്ട പൊലീസുകാർക്ക് മാത്രം അയച്ചതും കോപ്പി മറ്റ് പൊലീസ് കാര്യാലയങ്ങൾക്ക് കൈമാറാതിരുന്നതും ദുരൂഹമാണെന്നും ഉത്തരവിൽ പറയുന്നു.









0 comments