അഞ്ചുമുതൽ പത്തുവരെ എല്ലാ ക്ലാസുകളിലേക്കും കല– തൊഴിൽപഠന പ്രവൃത്തിപുസ്‌തകം തയ്യാറായി
പാഠപുസ്‌തകങ്ങളിൽ ഇനി ജീവിതപാഠങ്ങളും

പത്താംതരത്തിലെ കലാവിദ്യാഭ്യാസം പ്രവൃത്തി പുസ്‌തകത്തിലെ അനുഷ്‌ഠാനച്ചുവടുകൾ ഭാഗം. വിപിൻ ടി പലോത്ത് വരച്ച കതിവന്നൂർ വീരൻ തെയ്യച്ചിത്രം
കെ വി രഞ്ജിത്ത്
Published on May 15, 2025, 02:56 AM | 1 min read
കാസർകോട്
സ്‌കൂളുകളിൽ പഠിക്കാം ഇനി കലയും തൊഴിലും. കല–തൊഴിൽപഠനം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പ്രത്യേക പാഠപുസ്‌തകങ്ങൾ തയ്യാറായി. കലാവിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം എന്നിവയാണ് പ്രവൃത്തി പുസ്‌തകങ്ങളായി ലഭിക്കുക. മെയ് അവസാനവാരം പുസ്‌തകങ്ങൾ സ്‌കൂളുകളിലെത്തും. കഴിഞ്ഞവർഷം അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് ഇവ പ്രസിദ്ധീകരിച്ചത്.
ചിത്ര-ശിൽപ്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ മേഖലകളെ മുൻനിർത്തിയുള്ള പുസ്‌തകത്തിൽ കലകളുടെ സവിശേഷതകളും ചരിത്രവസ്തുതകളും പരിചയപ്പെടുത്തുന്നു. ഇത്തവണ പത്താംക്ലാസുകാരുടെ പ്രവൃത്തിപുസ്‌തകത്തിൽ അനുഷ്‌ഠാന കലകളായ തെയ്യം, പടയണി, പണിയനൃത്തം, ഇരുളനൃത്തം, മംഗലംകളി എന്നിവയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കലയിലൂടെ സന്തോഷം പകരുന്നതിനൊപ്പം കലാസ്വാദനമികവും പാരമ്പര്യകലകളിലെ അറിവും വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എസ്‌സിഇആർടി സംസ്ഥാന റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.
കരകൗശലം, കൃഷി, പാർപ്പിടം, വസ്‌ത്രം, സാമ്പത്തിക സാക്ഷരത, പാഴ്‌വസ്‌തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്‌റ്റേഷനറി, പ്ലംബിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യവ്യവസായം, വിനോദസഞ്ചാരം, മാധ്യമങ്ങളും വിനോദങ്ങളും എന്നിവയാണ് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പുസ്‌തകത്തിൽ.










0 comments