print edition പാഠപുസ്തക വിതരണം പകുതിയിലേറെ പൂർത്തിയായി


സ്വാതി സുജാത
Published on Apr 23, 2026, 12:01 AM | 1 min read
തിരുവനന്തപുരം : സ്‌കൂൾ തുറക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കേ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ പകുതിയിലധികവും വിതരണം ചെയ്തു. 52.45 ശതമാനം പുസ്‌തകങ്ങളുടെ വിതരണമാണ് കുടുംബശ്രീ പ്രവർത്തകർ പൂർത്തിയാക്കിയത്. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്ക് ആവശ്യമായ 3,49,95,897 പുസ്തകങ്ങളിൽ 1,83,57,087 പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. ബാക്കിയുള്ള 1.66 കോടി പുസ്തകങ്ങളും കൃത്യസമയത്ത് വിതരണംചെയ്യാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.
കോഴിക്കോട് 54.93 ശതമാനം പുസ്തകങ്ങളും വിതരണംചെയ്‌തു. പാലക്കാട് 54.81 ശതമാനവും തിരുവനന്തപുരം 54.27 ശതമാനവും ആലപ്പുഴയിലും തൃശൂരിലും 53.6 ശതമാനവും വിതരണം പൂർത്തിയായി. മലപ്പുറത്താണ് കൂടുതൽ പുസ്തകങ്ങൾ വിതരണം ചെയ്തത്– 38,92,101 എണ്ണം.
പുസ്തകങ്ങൾ അച്ചടിച്ച് ജില്ലകളിലെ ഹബ്ബുകളിൽ എത്തിക്കുന്നതിന്റെ ചുമതല കെബിപിഎസിനാണ്. ഇവിടെനിന്ന് പുസ്തകങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലിയാണ് കുടുംബശ്രീക്ക്. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പർവൈസർമാർ മുഖേനയാണ് ഹബ്ബിലെ പ്രവർത്തനങ്ങളുടെ ഏകോപനം. സംസ്ഥാനത്ത് 3,293 സൊസൈറ്റികളിലായാണ് കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളിൽ പഠിക്കുന്ന 45 ലക്ഷം വിദ്യാർഥികൾക്ക് ഇതുവഴി പുസ്‌തകം ലഭിക്കും.










0 comments