print edition ഉഷ്ണതരംഗ സാധ്യത; പൊള്ളുന്നേ


സ്വന്തം ലേഖകൻ
Published on Apr 24, 2026, 03:47 AM | 1 min read
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം വർധിക്കുകയുംചെയ്‌ത പശ്-ചാത്തലത്തിലാണിത്. 2024ലും സംസ്ഥാനത്ത് മുന്നറിയിപ്പുണ്ടായിരുന്നു.
രണ്ട് ജില്ലയിലാണ് മുന്നറിയിപ്പെങ്കിലും എല്ലാ ജില്ലയിലും കർശന സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാലാണ് വർധിച്ച ചൂട് അനുഭവപ്പെടുന്നത്. ബുധനാഴ്‌ച പാലക്കാട് 41.1, പുനലൂരിൽ 39.8, വെള്ളാനിക്കരയിൽ 39.3 എന്നിങ്ങനെ റെക്കോഡ് താപനില രേഖപ്പെടുത്തി. വ്യാഴം പാലക്കാട് 40.2 ഉം വെള്ളാനിക്കരയിൽ 37.7ഉം കോഴിക്കോട്ടും കോട്ടയത്തും 36.6ഉം ഡിഗ്രി താപനില രേഖപ്പെടുത്തി.
വെള്ളിയാഴ്‌ച പാലക്കാട്ട് 41 ഡിഗ്രിവരെയും കൊല്ലത്തും തൃശൂരിലും 40 ഡിഗ്രിവരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിവരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിവരെയും താപനില ഉയർന്നേക്കും. സാധാരണയെക്കാൾ നാലുമുതൽ അഞ്ചു ഡിഗ്രിവരെ അധികമാണിത്.സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്‌തേക്കും. തിങ്കളാഴ്‌ച മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വേനൽ മഴ വ്യാപിക്കാനും സാധ്യത.
ഉഷ്‌ണതരംഗം
തുടർച്ചയായി രണ്ടുദിവസം സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ മുകളിലോ, തീരദേശ മേഖലയിൽ 37 ഡിഗ്രിയോ മുകളിലോ, മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രിയോ മുകളിലോ ചൂട് ഉയരുമ്പോഴാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 4.5 ഡിഗ്രി കൂടുതലാകുകയും വേണം.










0 comments