ad
Deshabhimani

താൽക്കാലിക ജീവനക്കാരോട്‌ കണ്ണില്ലാത്ത ക്രൂരത; പത്തുവർഷത്തിലേറെയായി ജോലിയിൽ തുടരുന്നവരെപ്പോലും പിരിച്ചുവിട്ടു

job termination

എഐ പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Sep 01, 2026, 06:48 AM | 1 min read

തിരുവനന്തപുരം : ഡിജിറ്റൽ സർവേയുടെ ഭാഗമായി പ്രവർത്തിച്ച 3305 ജീവനക്കാരെ വഴിയാധാരമാക്കിയ സർക്കാർ 405 അക്വാകൾച്ചർ പ്രൊമോട്ടർമാരെയും കെ ഡിസ്‌കിന്റെ ഭാഗമായി കുടുംബശ്രീ മുഖേന നിയമിക്കപ്പെട്ട 19 പേരെയും ചൊവ്വാഴ്‌ച മുതൽ തൊഴിൽ രഹിതരതാക്കി. ഡിജിറ്റൽ സർവേക്കായി നിയമിക്കപ്പെട്ട 3305 പേരെയും കുടുംബശ്രീയിലെ 134 ജീവനക്കാരെയും കിലയിലെ 20 പേരെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. കുടുംബശ്രീയിലെ 2624 പേരുടെ സേവനം ഇ‍ൗമാസം അവസാനിക്കും. എൻഎച്ച്‌എമ്മിലെ ഇരുപതിനായിരത്തോളം പേരുടെ കരാർ രണ്ടുമാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്‌.


സംസ്ഥാനത്ത് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഭൂമി അളന്നുതിട്ടപ്പെടുത്താൻ ആരംഭിച്ച ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേ അവസാനിപ്പിച്ചാണ്‌ 3305 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ അപേക്ഷ ക്ഷണിച്ച്‌, പരീക്ഷയെഴുതി, അഭിമുഖം കഴിഞ്ഞ്‌ യോഗ്യതമാത്രം മാനദണ്ഡമാക്കി നിയമിക്കപ്പെട്ടവരെയാണ്‌ രാഷ്‌ട്രീയനിയമനമെന്നു പറഞ്ഞ്‌ സർക്കാർ നിഷ്‌കരുണം പറഞ്ഞുവിട്ടത്‌. രാജ്യത്തിനു മാതൃകയായ പദ്ധതിയും അവസാനിപ്പിച്ചു.


ഫിഷറീസ് വകുപ്പിനുകീഴിൽ 2008 മുതൽ ജോലിചെയ്തുവരുന്നവരായിരുന്നു അക്വാകൾച്ചർ പ്രൊമോട്ടർമാർ. 46 പ്രോജക്ട്‌ കോ ഓർഡിനേറ്റർമാരും 359 പ്രൊമോട്ടർമാരുമാണ്‌ ജോലി ചെയ്‌തിരുന്നത്‌. നിശ്‌ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നിയമിക്കപ്പെട്ടവരായിട്ടും യുഡിഎഫ്‌ സർക്കാർ വന്നതോടെ ശമ്പളംപോലും നിഷേധിച്ചു. നാലുമാസത്തെ ശമ്പള കുടിശ്ശിക നിലനിൽക്കെയാണ്‌ ആഗസ്‌ത്‌ 31ന്‌ പിരിച്ചുവിട്ടത്‌. 18 വർഷം ജോലിയിൽ തുടർന്നവരോട്‌ സർക്കാരിന്റെ ക്രൂരത.


കുടുംബശ്രീയിലെ 134 പേരെ ഇ‍ൗ സർക്കാർ വന്നതോടെ പിരിച്ചുവിട്ടിരുന്നു. കുടുംബശ്രീയെ കേരളത്തിന്റെ അഭിമാനമായി വളർത്താൻ രാപകലില്ലാതെ ജോലിചെയ്‌ത 2624 പേരുടെ കാലാവധി ഇ‍ൗമാസം അവസാനിക്കും. 15 വർഷത്തിലേറെയായി തുടരുന്നവരുണ്ട്‌. എല്ലാവരും പരീക്ഷയും അഭിമുഖവും കഴിഞ്ഞ്‌ നിയമിക്കപ്പെട്ടവർ. മേയിൽ കരാർ പുതുക്കാൻ തീരുമാനിച്ചപ്പോൾ മുസ്ലിംലീഗ്‌ നേതൃത്വം ഇടപെട്ട്‌ തടയുകയായിരുന്നു.

ഇതുവരെ സർക്കാർ പിരിച്ചുവിട്ടത്‌


ഡിജിറ്റൽ റീസർവേ - 3305

കുടുംബശ്രീ - 134

കില - 20

അക്വാകൾച്ചർ പ്രൊമോട്ടർ - 405

കെ ഡിസ്‌ക്‌ - 19



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home