ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ; സമാപന പ്രദർശനം ഫെബ്രുവരി 19 മുതൽ 24 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശാസ്ത്രകുതുകികളിൽ ആവേശമുണർത്തിയ 'ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷന്റെ' സമാപന പ്രദർശനം ഫെബ്രുവരി 19 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം ഗവ. വിമൻസ് കോളേജാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന സമാപന പ്രദർശനത്തിന് വേദിയാകുന്നത്. ക്വാണ്ടം മെക്കാനിക്സിന്റെ നൂറാം വർഷത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, വിമൻസ് കോളേജ് എന്നിവർ സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചെയർമാനായ 60 അംഗ സംഘാടക സമിതിയാണ് പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും വലിയ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ യുനെസ്കോയുടെ പ്രശംസ ഈ പ്രദർശനം പിടിച്ചുപറ്റിയിട്ടുണ്ട്.
എക്സിബിഷനോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ക്വാണ്ടം സയൻസിൽ ക്ലാസുകൾ, ക്വാണ്ടം ടോക്കുകൾ, സെമിനാറുകൾ, പുസ്തക പ്രകാശനം എന്നിവയും സംഘടിപ്പിക്കും.
നഗരത്തിലെ വിദ്യാലയങ്ങളെയും കലാലയങ്ങളെയും ബന്ധിപ്പിച്ച് ക്വാണ്ടം റാലിയും നടക്കും. വിദ്യാലയങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സ്ലോട്ടുകൾ ലഭിക്കുന്നതിനായി https://q.luca.co.in/register/ എന്ന ലിങ്കിലൂടെ വിദ്യാലയങ്ങൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.










0 comments