ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ ’സുശക്തി’

തിരുവനന്തപുരം : സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്രപുനരധിവാസം ലക്ഷ്യമാക്കി സുശക്തി എന്ന പേരിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സ്വാശ്രയ കൂട്ടായ്മകളായി രൂപീകരിക്കുന്ന ഈ സ്വയംസഹായ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനായിരിക്കും നടത്തുകയെന്നും സംഘത്തിന്റെ സംസ്ഥാനതല നിർവഹണകേന്ദ്രം (രജിസ്റ്റേർഡ് ഓഫീസ്) സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ പൂജപ്പുരയിലെ ആസ്ഥാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജൻസികളുടെയും സാമ്പത്തിക വികസനവും സാമൂഹിക നീതിയും ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, ആതുരസേവനം, തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികളുടെ ആസൂത്രണ- നിർവഹണ പ്രവർത്തനങ്ങളിലും സുശക്തി പങ്കാളികളാകുമെന്ന് മന്ത്രി അറിയിച്ചു.
ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളെയും സുശക്തി അംഗത്വത്തിന് അർഹതയുള്ള അവരുടെ രക്ഷാകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി രൂപീകരിക്കുക. സുശക്തിയുടെ പരിധിയിൽ സ്ഥിരതാമസക്കാരായ, നാൽപ്പതു ശതമാനമോ അതിൽ കൂടുതലോ ശാരീരിക-മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന, സ്ത്രീ/പുരുഷൻ/ ട്രാൻസ്‌ജെന്റർ വിഭാഗത്തിലുൾപ്പെട്ട, 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മയാണ് ഓരോ സുശക്തി യൂണിറ്റും.
സുശക്തി യൂണിറ്റുകളുടെ ഗ്രാമപഞ്ചായത്ത്/മുനിസിപാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ തലത്തിലെ അപ്പെക്സ് ബോഡിയായി സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രവർത്തിക്കും. ഒരു ജില്ലയിലെ സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളുടെ സെക്രട്ടറിമാരിൽ നിന്നോ പ്രസിഡന്റുമാരിൽ നിന്നോ സുശക്തി സംസ്ഥാന മിഷന്റെ ഗവേണിംഗ് ബോഡി നോമിനേറ്റ് ചെയ്യുന്ന ഒരു ചെയർമാൻ ഉൾപ്പടെ പരമാവധി 15 അംഗങ്ങൾ അടങ്ങിയതായിരിക്കും സുശക്തി ജില്ലാ ഘടകം. ജില്ലയിലെ സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളുടെയും സുശക്തി യൂണിറ്റുകളുടെയും പ്രവർത്തനത്തിന് സുശക്തി ജില്ലാ ഘടകം മേൽനോട്ടം വഹിക്കും. ജില്ലയിലെ സുശക്തി യൂണിറ്റുകളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങളും ഭിന്നശേഷി അവകാശ സംരക്ഷണ പ്രവർത്തനങ്ങളും ജില്ലാഘടകം വിലയിരുത്തുകയും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ജില്ലയിലെ സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റികൾക്കും സുശക്തി യൂണിറ്റുകൾക്കും ബാങ്ക് ലിങ്കേജ് വായ്പ ലഭ്യമാക്കുന്നതിന് ഈ ഘടകം മേൽനോട്ടം വഹിക്കും. സംസ്ഥാന തല സുശക്തിയ്ക്ക് സാമൂഹ്യനീതി മന്ത്രി ചെയർപേഴ്സണായ എക്‌സിക്യൂട്ടീവ് കമ്മറ്റിയും ഒരു ഗവേണിംഗ് ബോഡിയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തുക മുഖ്യലക്ഷ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവനസൗകര്യം ലഭ്യമാക്കും. യൂണിറ്റ് തലത്തിലെ അംഗങ്ങളുടെ ഇടയിൽ നിക്ഷേപം, സമ്പാദ്യം, മിതവ്യയ വായ്പ തുടങ്ങിയ എല്ലാവിധ ധനവിനിയോഗ പരിപാടികളും കാര്യക്ഷമമായി നടപ്പിലാക്കുക സുശക്തിയുടെ ചുമതലയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.










0 comments