Deshabhimani

print edition ഗിഫ്‌റ്റ്‌ കൂപ്പൺ തട്ടിപ്പ്‌; സപ്ലൈകോയിൽ 8 ജീവനക്കാർക്ക്‌ സസ്‌പെൻഷൻ

supplyco
വെബ് ഡെസ്ക്

Published on Sep 09, 2026, 12:21 AM | 1 min read

കൊച്ചി: സപ്ലൈകോ ഓണത്തിന്‌ പുറത്തിറക്കിയ ഗിഫ്‌റ്റ്‌ കൂപ്പണുകൾ ദുരുപയോഗം ചെയ്ത്‌ സ്വകാര്യ കന്പനിക്ക്‌ കുറഞ്ഞ വിലയ്‌ക്ക്‌ പഞ്ചസാര കൈമാറിയതിന്‌ എട്ട്‌ ജീവനക്കാർക്ക്‌ സസ്‌പെൻഷൻ. പെരുന്പാവൂർ ഡിപ്പോയിലെ മാവേലി സ്റ്റോറുകളുടെ ചുമതലയുള്ള ജൂനിയർ അസിസ്റ്റന്റ്‌ രജീഷ്‌ രവീന്ദ്രൻ, ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻചാർജ് എ എസ് സന്ധ്യ, പാലിശേരി മാവേലി സ്റ്റോറിലെ എം ആർ ദിവ്യ, പോഞ്ഞാശേരി വിൽപ്പനശാലയിലെ എസ് സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ എ ബേസിൽ ചെറിയ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.


സപ്ലൈകോയിൽ പഞ്ചസാരയ്‌ക്ക്‌ പൊതുവിപണിയേക്കാൾ 15 ര‍ൂപയിലധികം കുറവുള്ള സമയത്താണ്‌ കിലോയ്‌ക്ക്‌ 49 രൂപയ്‌ക്ക്‌ സ്വകാര്യ കന്പനിക്ക്‌ നൽകിയത്‌. 1000 രൂപയുടെ 1000 ഓണം ഗിഫ്‌റ്റ്‌ കൂപ്പണുകൾ സ്വകാര്യ കന്പനിയായ കീർത്തി നിർമലിന് നൽകിയായിരുന്നു തട്ടിപ്പ്‌.


കൂപ്പൺ വഴി നോൺ സബ്‌സിഡി പലവ്യഞ്ജനസാധനങ്ങളാണ്‌ നൽകേണ്ടത്‌. എന്നാൽ, വിവിധ ഒ‍ൗട്ട്‌ലെറ്റുകളിലൂടെ ഇ‍ൗ കൂപ്പണുകളുടെ മൊത്തം തുകയായ 10 ലക്ഷം രൂപയ്‌ക്ക്‌ നോൺ സബ്‌സിഡി പഞ്ചസാര മാത്രം നൽകുകയായിരുന്നുവെന്നാണ്‌ സപ്ലൈകോ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്‌.


തുറവൂർ, പാലിശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശേരി, അറക്കപ്പടി സപ്ലൈകോ വിൽപ്പനശാലകളിലേക്ക് പഞ്ചസാര മാറ്റിയതായി രേഖകളിൽ കാണിക്കുകയും യഥാർഥ സ്റ്റോക്ക് ഡിപ്പോയിൽ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് ഔട്ട്‌ലെറ്റിൽ ബിൽ അടിക്കുന്ന മുറയ്ക്ക് പെരുമ്പാവൂർ ഡിപ്പോ ഗോഡൗണിൽനിന്ന്‌ കമ്പനിക്ക്‌ പഞ്ചസാര നൽകി. പൊതുവിപണിയിൽ വില കൂടിയതിനെ തുടർന്ന്‌ രണ്ട്‌ കിലോയിലധികം പഞ്ചസാര നൽകുന്നതിന്‌ സപ്ലൈകോ നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ്‌ സ്വകാര്യ കമ്പനിക്ക് ഒരു ബില്ലിൽ 21 കിലോ നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home