വേനൽ ചൂട് നായ്ക്കളെയും തളർത്തും; കരുതലെടുക്കാം, സുരക്ഷയൊരുക്കാം..

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കൊപ്പം തന്നെ വളർത്തുമൃഗങ്ങളുടെ ആരോഗ്യ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നായ്ക്കളിലെ താപനില വർധനവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും വ്യക്തമാക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.
ലക്ഷണങ്ങൾ തിരിച്ചറിയാം
നിർത്താതെയുള്ള കിതപ്പ്, വായിൽ നിന്നും അമിതമായി വെള്ളം വരിക, ഛർദ്ദി, അതിസാരം എന്നിവ നായ്ക്കളിലെ അമിത ചൂടിന്റെ ലക്ഷണങ്ങളാണ്. ഇതിനു പുറമെ മയക്കം, അസ്വസ്ഥത എന്നിവ കാണിക്കുകയും ഗുരുതരമായ സാഹചര്യത്തിൽ ബോധക്ഷയം സംഭവിക്കുകയും ചെയ്തേക്കാം.
താപനില ശ്രദ്ധിക്കുക
ഒരു നായയുടെ സാധാരണ ശരീരതാപനില 38.3 ഡിഗ്രി സെൽഷ്യസിനും 39.2 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. 39.9 കടന്നാൽ അത് ഉയർന്നതായും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായാൽ അത് അതീവ ഗുരുതരമായും കണക്കാക്കണം.
ഉടമകൾ ചെയ്യേണ്ടത്
ചൂട് കൂടുമ്പോൾ നായ്ക്കളെ തണലിലേക്ക് മാറ്റുകയും ശരീരത്തിൽ തണുത്ത വെള്ളം ഒഴിച്ച് താപനില കുറയ്ക്കാൻ ശ്രമിക്കുകയും വേണം. കൃത്യമായ ഇടവേളകളിൽ ശരീരതാപനില പരിശോധിക്കുന്നത് നല്ലതാണ്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ ഒരു മൃഗ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.











0 comments