ലഹരിക്കെതിരെ പ്രതിരോധം ; കുടുംബശ്രീ നേതൃത്വത്തിൽ "ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്


സി ജെ ഹരികുമാർ
Published on Mar 28, 2025, 01:44 AM | 1 min read
പത്തനംതിട്ട : കുടുംബശ്രീ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾക്കായി ‘ലിയോറ ഫെസ്റ്റ്' ജില്ലാ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയിലാണ് ക്യാമ്പ്. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികൾക്ക് അറിവിനും സർഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതനപാഠങ്ങൾ പരിശീലിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം ആരംഭിച്ച ‘മൈൻഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്റെ തുടർച്ചയാണിത്.
കുട്ടികൾക്കിടയിൽ ലഹരി വ്യാപകമായ സാഹചര്യത്തിലാണ് ക്യാമ്പ്. ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള അഭിരുചികൾ കണ്ടെത്തി വിജ്ഞാനവും നൈസർഗിക വാസനകളും അത് നൽകുന്ന സന്തോഷവുമാണ് യഥാർഥ ലഹരിയെന്ന ബോധ്യം നേടാൻ അവരെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് വാർഡുതല ബാലസംഗമം സംഘടിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഉൾപ്പെടുത്തി പഞ്ചായത്ത്, നഗരസഭാതലത്തിൽ ശിൽപശാലയും തുടർന്ന് ബ്ലോക്ക് ഇന്നവേഷൻ ഫെസ്റ്റും സംഘടിപ്പിക്കും. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മൂന്നു ദിവസത്തെ ജില്ലാ സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഓരോ ജില്ലയിലും അമ്പത് കുട്ടികൾ വീതം ക്യാമ്പിൽ പങ്കെടുക്കും.
തീയറ്റർ വർക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്റും സൈബർ ക്രൈം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ലീഡർഷിപ് തുടങ്ങിയ വിഷയങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുക. കുട്ടികൾക്ക് ക്യാമ്പിൽ ആശയങ്ങൾ അവതരിപ്പിക്കാം. മികവ് തെളിയിക്കുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പരിശീലനം നൽകി 2026-ൽ സംഘടിപ്പിക്കുന്ന ‘അന്താരാഷ്‌ട്ര ഇന്നവേഷൻ കോൺക്ലേവിൽ’ ആശയം അവതരിപ്പിക്കാൻ കുടുംബശ്രീ അവസരമൊരുക്കും.










0 comments