print edition കരിമ്പ് എഥനോൾ നിർമാണത്തിന്: പഞ്ചസാര വില 50ലേക്ക്

പ്രതീകാത്മക ചിത്രം
പാലക്കാട്: സംസ്ഥാനത്ത് പഞ്ചസാര വില കുതിക്കുന്നു. ഒരു കിലോ പഞ്ചസാരക്ക് ചില്ലറ വിപണിയിൽ നിലവിൽ 49 രൂപയാണ്. ഒരു മാസത്തിനിടെ ആറുരൂപയുടെ വർധന. ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ഇ-–20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിച്ച് തുടങ്ങിയതോടെ പഞ്ചസാര ഉൽപ്പാദനത്തിൽ വന്ന കുറവാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ മാസം കിലോയ്‌ക്ക് 43 രൂപയായിരുന്നു. കഴിഞ്ഞയാഴ്‌ച ഇത് 46 ആയി.
കേരളത്തിലേക്ക് ആവശ്യമായ പഞ്ചസാരയുടെ നല്ലൊരുശതമാനവും എത്തിക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്. മഹാരാഷ്ട്രക്ക് പുറമെ ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് വ്യാപകമായി കരിന്പ് കൃഷിയുള്ളത്.
ജൂണിൽ തുടങ്ങുന്ന കൃഷി നവംബറിലാണ് വിളവെടുക്കുക. ഇത്തവണ എൽനിനോ പ്രതിഭാസം കാരണം മൺസൂൺ കൃഷി വൈകി. അതിനാൽ, ഡിസംബറിലായിരുന്നു വിളവെടുപ്പ്. തരി കുറവുള്ള പഞ്ചസാരയുടെ കയറ്റുമതി കേന്ദ്രം നിർത്തിവച്ചിട്ടുമുണ്ട്. പഞ്ചസാര ഉൽപ്പാദനത്തെ അപേക്ഷിച്ച് കരിമ്പിൽനിന്ന് നേരിട്ട് എഥനോൾ നിർമിക്കുന്നതാണ് പഞ്ചസാരമില്ലുകൾക്ക് കൂടുതൽ ലാഭം.











0 comments