Deshabhimani

print edition കേരളത്തിൽ മിന്നൽ മരണം കുറയുന്നു

Thunderstorm Lightning
avatar
സി എ പ്രേമചന്ദ്രൻ

Published on Oct 12, 2026, 01:30 AM | 1 min read

തൃശൂർ: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മിന്നലേറ്റുള്ള മരണങ്ങൾ കുറഞ്ഞതായി പഠനം. മിന്നലിൽ ഒരു വർഷം 71 പേരുടെ ജീവൻ നഷ്ടമാകുന്നെന്നാണ്‌ ദേശീയ ഭ‍ൗമശാസ്‌ത്ര പഠന കേന്ദ്രത്തിന്റെ മുൻ പഠനങ്ങൾ പറയുന്നത്. 2016ലെ സംസ്ഥാന ദുരന്തനിവാരണ പ്ലാനിൽ ഇതാണ്‌ മരണനിരക്കായി കണക്കാക്കിയതും. എന്നാൽ, 2015മുതൽ 2024വരെയുള്ള കണക്കുപ്രകാരം ഒരുവർഷം ശരാശരി 13 മരണങ്ങളാണ് ഉണ്ടായത്. 10 വർഷത്തിനിടെ കേരളം ആർജിച്ച മാനവ വികസന സൂചികകളാണ്‌ മരണനിരക്ക്‌ കുറയ്ക്കാനിടയാക്കിയത്‌.


ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ ചിട്ടയായ പ്രവർത്തനങ്ങളും മുന്നറിയിപ്പുകൾ പാലിച്ചതും ഗുണമായി. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഭാഗമായി ഇടിമിന്നലുകളുടെ എണ്ണവും തീവ്രതയും വർധിക്കാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പുണ്ട്‌. അതേസമയം, ഇടിമിന്നൽ ദുരന്തത്തിന്റെ ആഘാതം കുറയ്‌ക്കാൻ സജീവമായ ഇടപെടലുകളുടെ ശക്തമായ തുടർച്ച ആവശ്യമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ 2025ലെ ഓറഞ്ച്‌ ബുക്കിൽ വ്യക്തമാക്കുന്നു.


കേരളത്തിൽ ഏപ്രിൽ, മെയ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ശക്തമായ മിന്നലുണ്ടാകുന്നത്. ഇടനാട്ടിലാണ്‌ കൂടുതൽ ഇടിമിന്നൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്ത്‌ കോട്ടയം ജില്ലയിലാണ്‌ കൂടുതൽ മിന്നൽ പതിച്ചത്‌. മിന്നലുകൾ വർധിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശാസ്‌ത്ര സാങ്കേതിക വിഭാഗം അടിയന്തര കാര്യനിർവഹണ കേന്ദ്രം ഇടിമിന്നൽ ദുരന്തനിവാരണ ലഘൂകരണ മാർഗരേഖ തയ്യാറാക്കിയിരുന്നു.


പ്രതിരോധശേഷി, മുൻകരുതൽ, സർക്കാർ നടത്തേണ്ട ഹ്രസ്വ– ദീർഘകാല ഇടപെടലുകൾ, നയംമാറ്റങ്ങൾ, മുന്നറിയിപ്പ്‌ സംവിധാനം‍, പൊതുജന അവബോധം എന്നിവയെല്ലാം ഈ ആക്ഷൻപ്ലാനിൽ ഉൾപ്പെടുന്നു. എന്നാൽ, ഇ‍ൗ സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ ഇ‍ൗ വർഷം വീഴ്‌ചകൾ സംഭവിച്ചതായി ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home