പാലക്കാടും തെരുവുനായ ആക്രമണം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: കോട്ടയത്തിനു പുറമെ പാലക്കാട് മണ്ണാർക്കാടും തെരുവുനായയുടെ ആക്രമണം. രണ്ട് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്ക് നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്. നാട്ടുകൽ 53-ാം മൈലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെയായി മണ്ണാർക്കാട് തെരുവുനായ ശല്യം രൂക്ഷമാണെന്ന് സമീപവാസികൾ പറഞ്ഞു. ഇതിനിടെയാണ് ബസ് കാത്തുനിന്ന ആളുകൾക്കിടയിലേയ്ക്ക് തെരുവുനായ പാഞ്ഞടുത്തത്.
എംഎംഎൽപി സ്കൂളിലെ റിയ ഫാത്തിമ, ആറാം ക്ലാസുകാരൻ മുത്തഷീർ എന്നീ രണ്ട് വിദ്യാർഥികളും കൊടക്കാട് സ്വദേശികളായ സെബീല, അബൂബക്കർ എന്നിവരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ വരെ നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആക്രമിച്ച നായയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
കോട്ടയത്തും തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. വെള്ളി രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 5 വയസുകാരി തെരുവുനായ ആക്രമണത്തിന് ഇരയായി. അമ്മയുടെ അടുത്ത് നിന്നും രണ്ടടി മാറി നിന്ന ഉടനെ തെരുവുനായ്ക്കൾ പാഞ്ഞെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായ്ക്കൾ വരുന്നത് കണ്ട് പേടിച്ച കുട്ടി നിലത്ത് വീഴുകയും നായ്ക്കൾ കുട്ടിയുടെ ദേഹത്തേയ്ക്ക് ചാടികയറുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കോട്ടയം നഗരപ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.









0 comments