കോഴിക്കോട് മടവൂരിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു

മടവൂർ: കോഴിക്കോട് മടവൂരിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകളും തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി വിച്ഛേദിച്ചു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് പ്രദേശത്ത് മിന്നൽ ചുഴലിക്കാറ്റുണ്ടായത്.
മടവൂർ, പൈമ്പാലശ്ശേരി, മുട്ടാൻചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങൾ കടപുഴകി വീണ് രണ്ട് വീടുകൾ പൂർണമായും തകർന്നു. പത്തോളം വീടുകൾക്ക് ഭാഗിക നാശനഷ്മുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വീടിന് മുകളിലേക്ക് വീണ മരങ്ങൾ മുറിച്ച് മാറ്റി.
ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിലെ പലയിടത്തും നാശനഷ്ടമുണ്ടായി. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ഗ്ലാസ് ഡോർ കാറ്റിൽ തകർന്നു. ആർക്കും പരിക്കില്ല. എൻജിഒ ക്വാർട്ടേഴ്‌സിലും മരം വീണ് വീട് തകർന്നു. കടലോരമേഖലയിലെല്ലാം കനത്ത കാറ്റ് വീശുന്നുണ്ട്. പലയിടങ്ങളിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.









0 comments