മെൻസ്ട്രുവൽ കപ്പുകളുടെയും ഇൻസിനറേറ്ററുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി

കൊല്ലം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററും വിതരണംചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുട്ടറ സർക്കാർ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
സാനിറ്ററി നാപ്കിനുകൾ വഴിയുള്ള പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് മെൻസ്ട്രുവൽ കപ്പെന്ന ആശയം. അഞ്ചു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ആരോഗ്യത്തോടൊപ്പം പരിസ്ഥിതിസൗഹൃദവുമാണ് കപ്പിന്റെ ഉപയോഗം എന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും കപ്പുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി അധ്യക്ഷയായി. നവകേരളം കർമപദ്ധതി-2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ പദ്ധതി വിശദീകരണം നടത്തി; ജില്ലാ കലക്ടർ എൻ ദേവിദാസ് മുഖ്യപ്രഭാഷണവും. നടത്തി. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് പ്രൊജക്റ്റ് ഓഫീസർ ഡോ. രസ്ന മെൻസ്ട്രുവൽകപ്പ് പദ്ധതി വിശദീകരിച്ചു.
ആർത്തവശുചിത്വ ഉത്പ്പന്നങ്ങളുടെ പ്രചാരണവും ആർത്തവആരോഗ്യവും ലക്ഷ്യമാക്കിയാണ് കോളജുകൾ, സ്‌കൂളുകൾ കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ കപ്പുകളും ഇൻസിനറേറ്ററും വിതരണംചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി നാപ്കിനുകൾ ശാസ്ത്രീയമായ സംസ്‌കരിക്കുന്ന 322 ഇൻസിനറേറ്ററുകളും 1,68,955 മെൻസ്ട്രുവൽ കപ്പുകളുമാണ് വിതരണം ചെയ്യുന്നത്.
ഒരു ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 5 ഹയർ സെക്കൻഡറി സ്‌കൂളുകളും എല്ലാ സർക്കാർ കോളജുകളും ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിൻ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ആദ്യഘട്ട ഗുണഭോക്താക്കൾ.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.എസ്. ഷിജുകുമാർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷൈലജ രാജീവ്, മുട്ടറ വാർഡ് മെമ്പർ വിഷ്ണു രവീന്ദ്രൻ, മണികണ്‌ഠേശ്വരം വാർഡ് മെമ്പർ പത്മാവതിയമ്മ, നവകേരളം കർമപദ്ധതി-2 ജില്ലാ കോർഡിനേറ്റർ എസ് ഐസക്ക്, മുട്ടറ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ശ്രീനിവാസൻ, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് സീനിയർ മാനേജർ രത്നാകർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.










0 comments