print edition പെയ്തൊഴിഞ്ഞ് ഇടവപ്പാതി: മഴക്കുറവ് 28 ശതമാനം

ഫോട്ടോ: വി കെ അഭിജിത്
സ്വന്തം ലേഖിക
Published on Sep 19, 2026, 01:01 AM | 1 min read
തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ മൺസൂണിൽ (ഇടവപ്പാതി) സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 18 വരെയുള്ള കാലയളവിൽ സാധാരണ ലഭിക്കേണ്ട 1,898.4 മില്ലീമീറ്റർ മഴയ്ക്ക് പകരം 1,378.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘എൽ നിനോ' പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണം. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവാണെങ്കിലും മുൻ എൽനിനോ വർഷമായ 2023നെക്കാൾ ഇത്തവണ മഴ പെയ്തു. സാധാരണ ലഭിക്കേണ്ടതിലും 38 ശതമാനം കുറവ് മഴയാണ് 2023ൽ പെയ്തത്.
ഇൗ വർഷം ഇടവപ്പാതി ഞായറാഴ്‌ചയോടെ പെയ്തൊഴിയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മൺസൂൺ പിൻവാങ്ങുന്നതിന് മുന്നോടിയായി മഴ വീണ്ടും സജീവമായി. ഞായാറാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജൂൺ ഒന്നിന് എത്തേണ്ടിയിരുന്ന കാലവർഷം ഇത്തവണ നാലിനാണ് കേരള തീരത്തെത്തിയത്. തുടക്കം മുതൽ ദുർബലമായിരുന്നു. ജൂൺ അവസാനത്തോടെ 36.5 ശതമാനവും ആഗസ്ത് അവസാനത്തോടെ 22 ശതമാനവുമായിരുന്നു മഴക്കുറവ്. ഇൗ മാസം ആദ്യ പകുതിയിൽ സംസ്ഥാനത്ത് പെയ്യേണ്ട മഴയിൽ 93 ശതമാനം ഇടിവുണ്ടായി. പുനലൂർ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ഉയർന്ന അന്തരീക്ഷ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
രാജ്യത്ത് 17 സംസ്ഥാനങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂണിൽ മഴ കുറഞ്ഞു. സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ്. 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ആറു ജില്ലകളിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചു. ജില്ലയിലെ മഴക്കുറവ് (ശതമാനത്തിൽ) : വയനാട്–54, ഇടുക്കി–47, കൊല്ലം–37, ആലപ്പുഴ–33, തൃശൂർ –29, പാലക്കാട്–29, എറണാകുളം–27, മലപ്പുറം–26, കാസർകോട്–17, കോഴിക്കോട്–17, കോട്ടയം–15, കണ്ണൂർ–13, തിരുവനന്തപുരം–13, പത്തനംതിട്ട–11.









0 comments