കാലവർഷം വ്യാഴാഴ്‌ച : എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് മഞ്ഞ അലർട്ട്

ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
തിരുവനന്തപുരം : തെക്കു - പടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്‌ചയോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മഴ സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയുള്ള മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ - കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീന ഫലമായി ഞായർ വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ (Heavy rainfall) / അതിശക്തമായ മഴയ്ക്ക് (Heavy to Very Heavy rainfall) സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.











0 comments