വിഷൻ 2031 നയ രൂപീകരണ സംസ്ഥാന തല സെമിനാറും നടക്കും
സാമൂഹ്യ നീതിവകുപ്പ് സുവർണജൂബിലിയും വയോജന ദിനാചാരണവും തൃശൂരിൽ

തൃശൂർ: ‘വിഷൻ 2031’ സെമിനാറും സമൂഹ്യ നീതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും സംസ്ഥാന വയോജന ദിനാചരണവും വെള്ളിയാഴ്‌ച തൃശൂരിൽ നടക്കും. സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തീയറ്ററിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന വയോദിനാചരണത്തിൽ ഇൗവർഷത്തെ വയോസേവന പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
സംസ്ഥാനം 75 വർഷം പൂർത്തിയാക്കുന്ന 2031 ൽ ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്ന് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങൾ ശേഖരിക്കുന്നതിനുമാണ് ജില്ലയിൽ"വിഷൻ 2031" സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്. വയോജനങ്ങളുടെയും ഭിന്ന ശേഷിക്കാരുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും, ജയിൽ വിമോചിതരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതിനും ദീർഘ വീക്ഷണത്തോടെയുള്ള നയരൂപീകരണം നടത്തുന്നതിനുമാണ് വിഷൻ 2031 സംസ്ഥാന തല സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു വാർത്താകുറിപ്പിൽ അറിയിച്ചു.
വെള്ളിയാഴ്ച തൃശൂർ സാഹിത്യ അക്കാദമി റീജണൽ തിയേറ്ററിൽ രാവിലെ 9.30 ന് വിഷൻ 2031 സാമൂഹ്യനീതി സംസ്ഥാന തല സെമിനാർ ആരംഭിക്കും. എട്ടുമണിക്ക് രജിസ്ട്രേഷൻ തുടങ്ങും. സംസ്ഥാനത്ത് കഴിഞ്ഞ പത്തു വർഷക്കാലം നടപ്പിലാക്കിയ വ്യത്യസ്ത പദ്ധതികളെ സംബന്ധിച്ച് സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള അവതരണം നടത്തും. മന്ത്രി ഡോ.ആർ ബിന്ദു 2031-ൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസിത കേരളം എന്തായിരിക്കണമെന്ന കാഴ്ചപ്പാട് വിഷൻ 2031 ഡോക്യുമെന്റ് അവതരിപ്പിക്കും. ഈ മേഖലയിൽ ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തരായ വ്യക്തികൾ പങ്കെടുത്തുത്ത് അഞ്ച് സമാന്തര പാനൽ ചർച്ചകൾ നടക്കും. വയോജന മേഖല, ഭിന്നശേഷി മേഖല, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് പാനൽ ചർച്ച. ചർച്ചകളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പൊതു സെഷനിൽ സാമൂഹ്യനീതി മന്ത്രിയും ഓരോ സെഷന്റെയും മോഡറേറ്റർമാരും അവതരിപ്പിക്കും.
ഉച്ചയ്‌ക്ക് ശേഷം സംസ്ഥാനതല വയോജനാദിനാചരണവും സംസ്ഥാനതല വയോജന സംഗമവും നടക്കും. ഈ വർഷത്തെ വയോസേവന പുരസ്‌കാരത്തിന് അർഹരായവർക്കുള്ള പുരസ്‌കാര സമർപ്പണവും വയോജനങ്ങളുടെ കലാപരിപാടികളും ഈ വേദിയിൽ അരങ്ങേറും.










0 comments