സ്‌കിൻബാങ്ക്, കാത്ത്‌ലാബ്, മദർ ന്യൂബോൺ കെയർ; കോട്ടയം മെഡിക്കൽ കോളേജിൽ 283 കോടി രൂപയുടെ പദ്ധതികൾ

കോട്ടയം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 283.60 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് തുടക്കം. 16ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സഹകരണ, ദേവസ്വം മന്ത്രി വി എൻ വാസവൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ മാണി എംപി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം മെഡിക്കൽ കോളേജിൽ വൻ വികസനമാണ് സാധ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന ആദ്യ സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താൻ കോട്ടയം മെഡിക്കൽ കോളേജിനായതായും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടനം ചെയ്യുന്ന പ്രധാന വികസന പദ്ധതികൾ
1. സർജിക്കൽ ബ്ലോക്ക് - കിഫ്ബിയിലൂടെ 257 കോടി രൂപ ചെലവഴിച്ചാണ് 33,642 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സർജിക്കൽ ബ്ലോക്ക് സജ്ജമാക്കിയത്. 526 കിടക്കകൾ, 44 ഐസിയു കിടക്കകൾ, 14 മോഡുലാർ ഓപ്പറേഷൻ തീയറ്റർ, 256 സ്ലൈസ് സിടി സ്‌കാൻ, 3 ടെസ്ല എംആർഐ , ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ, ഫ്‌ളൂറോസ്‌കോപ്പി തുടങ്ങിയവ സജ്ജമാക്കി.
2. മെയിൻഗേറ്റ് - 1.23 കോടി - അത്യാഹിത വിഭാഗത്തിന് പ്രത്യേകമായാണ് 1.23 കോടി രൂപ ചെലവിൽ പ്രധാനകവാടം നിർമിച്ചത്.
3. കാത്ത്‌ലാബ് - 7.88 കോടി- കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളേജിൽ കൂടുതൽ രോഗികൾക്ക് സഹായകരമാകാനാണ് 7.88 കോടി രൂപ ഉപയോഗിച്ച് രണ്ടാമത്തെ കാത്ത്‌ലാബ് സ്ഥാപിച്ചത്. ഇലക്‌ട്രോ ഫിസിയോളജി, മൾട്ടി ഇമേജിംഗ് ഡിസ്‌പ്ലേ സൗകര്യങ്ങളുമുണ്ട്.
4. 32 സ്ലൈസ് സിടിസ്‌കാൻ - 4.28കോടി - 4.28 കോടി രൂപ മുടക്കിയാണ് കാൻസർ ബ്ലോക്കിൽ ആധുനിക 32 സ്ലൈസ് സിടി സ്‌കാൻ സജ്ജമാക്കിയിരിക്കുന്നത്.
5. സ്‌കിൻബാങ്ക് - 64.57 ലക്ഷം - സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിൻ ബാങ്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയത്. പൊള്ളൽ ചികിത്സയുടെ നിലവാരം ഉയർത്താനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും.
6. പാരാ മെഡിക്കൽ ഹോസ്റ്റൽ - 6 കോടി - 6 കോടി രൂപ ചെലവഴിച്ച് 4 നിലകളിലായി 5290 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ആകെ 5 ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ 2 ബ്ലോക്കുകളുടെ ആദ്യ 2 നിലകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

7. നവീകരിച്ച ഒപി - 1.25 കോടി - 1.25 കോടി രൂപ ചെലഴിച്ച് പഴയ ഒപി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോർ നവീകരിച്ചു.
8. മദർ ന്യൂബോൺ കെയർ യൂണിറ്റ് - 1.20 കോടി - ഗൈനക്കോളജി വിഭാഗത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് പരിചരണം നൽകുന്ന മദർ ന്യൂബോൺ കെയർ യൂണിറ്റ് സജ്ജമാക്കി.
9. കോമ്പ്രിഹെൻസീവ് ലാക്‌ടേഷൻ മാനേജ്‌മെന്റ് സെന്റർ – 64.2 ലക്ഷം- മുലപ്പാൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിനായാണ് കോമ്പ്രിഹെൻസീവ് ലാക്‌ടേഷൻ മാനേജ്‌മെന്റ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്.
10. ക്രഷ് 60 ലക്ഷം- 50 കുട്ടികളെ സംരക്ഷിക്കാനാകുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രഷാണ് സജ്ജമാക്കിയത്.
11. ശിലാസ്ഥാപനം - പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് - എബിസി ബ്ലോക്ക് - 74ലക്ഷം
മറ്റ് പ്രധാന പദ്ധതികൾ
1. കാർഡിയാക് റീഹാബിലിറ്റേഷൻ യൂണിറ്റ് - കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്ലോക്ക് - 44ലക്ഷം
2. എക്കോ മെഷീൻ - കാർഡിയോളജി വിഭാഗം - 37 ലക്ഷം
3. സിആം മെഷീൻ - യൂറോളജി വിഭാഗം - 27 ലക്ഷം.
4. വെന്റിലേറ്റർ - 83.42 ലക്ഷം.










0 comments