പൊന്നാനിക്കാരി ഫാത്തിമയെന്ന ജനകീയ; മികച്ച നടിയായി ഷംല ഹംസ

ഷംല ഹംസയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നത് ചെറിയ ബഡ്ജറ്റിലെത്തി ചരിത്രം സൃഷ്ടിക്കുന്ന ചിത്രങ്ങളും അതിലെ അഭിനേതാക്കളും. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ കേന്ദ്ര കഥാപാത്രത്തെ സ്‌ക്രീനിൽ എത്തിച്ചതാണ് ഷംല ഹംസയെ അവാർഡിന് അർഹയാക്കിയത്. ഭർത്താവ് മുഹമ്മദ് സാലിഹിനും മകൾ ലസിനുമൊപ്പം ഗൾഫിലാണ് ഷംല ഹംസയുടെ താമസം.
കഴിഞ്ഞ വർഷത്തെ ഐഎഫ്‌എഫ്‌കെ വേദിയിൽ സജീവ ചർച്ചയായായിരുന്നു കാഴ്ചക്കാരുടെ ഒപ്പം സ്‌ക്രീനിൽനിന്ന് ഇറങ്ങിപ്പോന്ന
പൊന്നാനിക്കാരി ഫാത്തിമ. കഴിഞ്ഞ മാസത്തെ തീയറ്റർ റിലീസോടെ ഫെമിനിച്ചിയായ ഫാത്തിമ കേരളത്തിലെ ഓരോ വീട്ടിലും ഇടപെട്ടു തുടങ്ങി. അവൾ ബാക്കിവച്ച ചോദ്യങ്ങളും സംശയങ്ങളും ഇനി ഓരോ വീട്ടിലും മുഴങ്ങും. ഫാസിൽ മുഹമ്മദ് എന്ന യുവാവായ സംവിധായകൻ തന്റെ സിനിമയിലൂടെ പറയുന്ന രാഷ്‌ട്രീയം കേട്ടില്ലെന്നു നടിക്കാൻ കഴിയില്ല.
സമൂഹത്തിന്റെ പുരോഗമനപരമായ കുതിപ്പിന് കൂടുതൽ കരുത്തു നൽകുന്നു ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചെറിയ ‘വലിയ’ സിനിമ. പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും അവസ്ഥയാണ് പറഞ്ഞുവയ്‌ക്കുന്നത്. വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരമാണ് ഐഎഫ്‌എഫ്‌കെയിൽ ഈ ചിത്രത്തിന് ലഭിച്ചത്. അതിന് പുറമെയാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ.










0 comments