ഷഹബാസ് കൊലക്കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്: മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. താമരശ്ശേരി ചുങ്കത്തെ ഷഹബാസിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു ഷഹബാസ്.
ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 28 നാണു താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്.
0 comments