print edition പബ്ലിക് ഡിജിറ്റൽ ലൈബ്രറി: എസ്ജിഒയുവും കുസാറ്റും ധാരണപത്രം ഒപ്പുവച്ചു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക സേവനങ്ങൾ ആഗോളതലത്തിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലോകത്തെവിടെയിരുന്നും 24 മണിക്കൂറും പ്രവേശിക്കാവുന്ന അത്യാധുനിക പബ്ലിക് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ക്യുസാടെക് ഫൗണ്ടേഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും ധാരണപത്രം ഒപ്പുവച്ചു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വികസനവും നടപ്പാക്കലും ക്യുസാടെക് ഫൗണ്ടേഷന്റെ മേൽനോട്ടത്തിലായിരിക്കും. എസ്ജിഒയു വൈസ് ചാൻസലർവി പി ജഗതി രാജ്, കുസാറ്റ് വൈസ് ചാൻസലർ എം ജുനൈദ് ബുഷിരി എന്നിവരുടെ സാന്നിധ്യത്തിൽ എസ്ജിഒയു രജിസ്ട്രാർ അഭിലാഷ് ബാബു, ക്യുസാടെക് ഫൗണ്ടേഷൻ ഡയറക്‌ടർ എൻ മനോജ് എന്നിവർ ധാരണാപത്രം ഒപ്പുവച്ചു. കുസാറ്റ് സിൻഡിക്കറ്റ് അംഗങ്ങളായ പി കെ ബേബി, ഡോ. സന്തോഷ്കുമാർ, ഡോ. ഡി മാവൂത്, ഡോ. എം കൈലാസ്നാഥ്, രജിസ്ട്രാർ ഡോ. അരുൺ, അസിസ്റ്റന്റ് ലൈബ്രേറിയൻ സുരേന്ദ്രൻ ചെറുകോടൻ, എസ്ജിഒയു ലൈബ്രേറിയൻ ബി ജെ ലിജി എന്നിവർ പങ്കെടുത്തു.
സോഫ്റ്റ്‌വെയർ ആസ് എ സർവീസ് മാതൃകയിൽ ഒരുക്കുന്ന ഈ ഡിജിറ്റൽ ലൈബ്രറി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കടക്കം വിജ്ഞാന വിഭവങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. ലോകത്ത് എവിടെനിന്നും ഈ വിജ്ഞാനശേഖരത്തിലേക്ക് പ്രവേശനം സാധ്യമാകും.
വൈവിധ്യമാർന്ന അക്കാദമിക് ജേർണലുകൾ, തിസീസുകൾ, ലക്ചർ നോട്ടുകൾ, വിവിധ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ട പഠന സാമഗ്രികൾ എന്നിവ ഈ ലൈബ്രറിയിൽ ലോകത്ത് എവിടിരുന്നും ലഭ്യമാകും.










0 comments