സംസ്ഥാനത്താകെ ചുവന്ന തേരോട്ടം; കലാലയങ്ങൾ തൂത്തുവാരി എസ്എഫ്ഐ

കെടിയു - 36 / 38
കേരള - 62 / 71
കണ്ണൂർ - 53 / 62
എംജി - 116 / 128
കലിക്കറ്റ് - 102 / 171
തിരുവനന്തപുരം: ഇന്നലെ നടന്ന ടെക്നിക്കൽ സർവകലാശാല തെരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ സംസ്ഥാനത്തെ കലാലയങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് എസ്എഫ്ഐ. സാങ്കേതിയ സർവകലാശാലയുടെ കീഴിൽ വരുന്ന കോളേജുകളിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 34ലും വിജയക്കൊടി പാറിച്ചു.
കേരള സർവകലാശാലയിൽ തിരുവനന്തപുരത്ത് 31-ൽ 29 കോളേജുകളിലും, ആലപ്പുഴയിൽ 18-ൽ 18 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ സർവകലാശാലയിൽ ആകെ 62 കോളേജുകളിൽ 53-ലും എസ്എഫ്ഐക്ക് വിജയം. എംജി സർവകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 128 കോളേജുകളിൽ 116 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന 699 സ്കൂളുകളിൽ 604 ഇടത്തും എസ്എഫ്ഐ വിജയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ സമ്പൂർണ വിജയം. തിരുവനന്തപുരത്ത് അഞ്ച് കോളേജിലും വിജയിച്ചു. മൂന്ന് വർഷങ്ങൾക്കുശേഷം സിഇടി (കോളേജ് എൻജിനിയറിങ് ട്രിവാൻഡ്രം) കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു. കൊല്ലം ജില്ലയിൽ ഏഴിൽ ആറിടത്തും വിജയം.
രണ്ടുവർഷങ്ങൾക്കുശേഷം കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് തിരിച്ചുപിടിച്ചു. ചാത്തന്നൂർ എംഇഎസിൽ എതിരില്ലാതെയാണ് ജയം. ആലപ്പുഴയിലും കോട്ടയത്തും രണ്ടിടത്ത് വീതവും പത്തനംതിട്ടയിൽ മൂന്നുകോളേജിലും എസ്എഫ്ഐയെ വിദ്യാർഥികൾ നെഞ്ചേറ്റി. കോട്ടയത്ത് കിടങ്ങൂർ എൻജിനീയറിങ് കോളേജും പാമ്പാടി ആർഎടിയും തിരിച്ചുപിടിച്ചു.
ഇടുക്കിയിൽ മൂന്ന് കോളേജിലും വിജയിച്ചു. ഇതിൽ മൂന്നാർ എൻജിനീയറിങ് കോളേജും മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങും കെഎസ്യുവിൽ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. എറണാകുളത്തും മലപ്പുറത്തും ഓരോ കോളേജിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃശൂരിൽ തെരഞ്ഞെടുപ്പ് നടന്ന ഒരിടത്ത് എസ്എഫ്ഐ വിജയിച്ചു. ഗവ. എൻജിനീയറിങ് കോളേജിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും വിജയം. കോഴിക്കോട് മൂന്നിടത്തും വയനാട് തെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും വിജയിച്ചു. കണ്ണൂരിൽ ആറിൽ അഞ്ചിടത്താണ് വിജയം. കാസർകോട് തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിലും വിജയിച്ചു. ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വർഷങ്ങളായി എംഎസ്എഫും യുഡിഎസ്എഫ് സഖ്യവും കൈയടക്കിവച്ചിരുന്ന പലയിടത്തും എസ്എഫ്ഐ നിലയുറപ്പിക്കുകയായിരുന്നു. 6 വർഷങ്ങൾക്കു ശേഷം എംഎസ്എഫിൽ നിന്ന് വളാഞ്ചേരി സിപിഎ കോളേജും 2 വർഷങ്ങൾക്ക് ശേഷം കെഎസ്യുവിൽ നിന്ന് വയനാട് പഴശ്ശിരാജ കോളേജും 4 വർഷങ്ങൾക്ക് ശേഷം യുഡിഎസ്എഫിന് വളാഞ്ചേരി ലുമിനസ് കോളേജും എസ്എഫ്ഐ തിരിച്ച് പിടിച്ചു.
നിലമ്പൂർ ഗവണ്മെന്റ് കോളേജിൽ മുഴുവൻ സീറ്റും നേടി യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. താമരശ്ശേരി ഐഎച്ച്ആർഡി കോളേജ്, കോഴിക്കോട് ഗുരുവായൂരൂപ്പൻ കോളേജ് എന്നിവയും തിരിച്ചുപിടിച്ചു. ചരിത്രത്തിലാദ്യമായി ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ സമ്പൂർണവിജയം നേടുന്ന സംഘടനയായി എസ്എഫ്ഐ.
മഞ്ചേരി എൻഎസ്എസ് കോളേജിലും എസ്എഫ്ഐക്ക് മിന്നും വിജയമായിരുന്നു. മലപ്പുറം അൽഷിഫാ കോളേജും എസ്എഫ്ഐ പിടിച്ചെടുത്തു. എംജി സർവകലാശാലയ്ക്ക് കീഴിൽ വരുന്ന ആലുവ യുസി കോളേജിൽ ആറ് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്യുവിൽ നിന്ന് എസ്എഫ്ഐ യൂണിയൻ തിരിച്ച് പിടിക്കുന്നത്.
സംസ്ഥാനത്താകെയുള്ള സ്കൂൾ പാർലമെൻററി തെരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ മികച്ച നേട്ടമാണ് കൈവരിച്ചത്. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 699 സ്കൂളുകളിൽ 604 ഇടങ്ങളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. ഇതിൽ 148 സ്കൂളുകളിൽ എതിരില്ലാതെയാണ് വിജയം കൈവരിച്ചത്.
വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുന്ന എസ്എഫ്ഐയുടെ നിലപാടിനും വിദ്യാർഥികളുടെ അവകാശസംരക്ഷണ പോരാട്ടങ്ങൾക്കുമുള്ള വിദ്യാർഥികളുടെ അംഗീകാരമാണ് ഈ തിളക്കമാർന്ന വിജയമെന്ന് സംഘടന വ്യക്തമാക്കി.
രാജ്യം ജനാധിപത്യ മൂല്യങ്ങൾ മനസിലാക്കി ഫാസിസത്തിനെതിരെ രംഗത്തിറങ്ങുന്ന സാമൂഹികസാഹചര്യത്തിൽ ഉണ്ടായ എസ്എഫ്ഐയുടെ മിന്നും വിജയം വിദ്യാർത്ഥികൾക്കുള്ളിലെ സാമൂഹികപ്രതിബദ്ധത വരച്ചുകാട്ടുന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.








0 comments