Deshabhimani

"വന്ദേമാതരത്തിന്റെ പൂർണ ആലാപനം ശാഖയിൽ ആയിക്കോളൂ": കലിക്കറ്റിൽ പ്രതിഷേധ പോസ്റ്റർ ഉയർത്തി എസ്എഫ്ഐ

sfi banner calicut university vande mataram

വന്ദേ മാതരത്തിന്റെ പൂർണ ആലാപനത്തിനെതിരെ കലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ ഉയർത്തിയ പോസ്റ്റർ

വെബ് ഡെസ്ക്

Published on Oct 06, 2026, 02:15 PM | 1 min read

മലപ്പുറം: ​ഗവ‌ണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തോടനുബന്ധിച്ച് കലിക്കറ്റ് സർവകലാശാലയിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ച് ബാനറുയർത്തി എസ്എഫ്ഐ. സർവകലാശാലാ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് പുതിയ തീരുമാനം. എന്നാൽ "ആദ്യ രണ്ട് ഭാഗങ്ങൾ പാടാം, ബാക്കി നിങ്ങൾ ശാഖയിൽ പാടിക്കൊള്ളൂ" എന്ന മറുപടിയാണ് സർവകലാശാലയിൽ എസ്എഫ്ഐ ഉയർത്തിയ ബാനറിലൂടെ നൽകിയത്. "ശാഖയിൽ പാടേണ്ടത് ശാഖയിൽ, സർവകലാശാലയിലല്ല" എന്നതായിരുന്നു മറ്റൊരു പ്രതിഷേധ ബാനറിലെ വാചകങ്ങൾ.


ചാൻസലർ കൂടിയായ ഗവർണർ പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാൻ സർവകലാശാല അധികൃതർ തീരുമാനിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ആലപിക്കുന്ന പതിവ് മാറ്റി ഗാനം പൂർണമായി ആലപിക്കണമെന്നായിരുന്നു തീരുമാനം. ഇത് സർവകലാശാലയിൽ സംഘപരിവാർ അജണ്ഡ നടപ്പിലാക്കാനുള്ള നീക്കമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള ശ്രമമാണെന്നും എസ്എഫ്ഐ പറഞ്ഞു.


sfi banner calicut university vande mataram വന്ദേ മാതരത്തിന്റെ പൂർണ ആലാപനത്തിനെതിരെ കലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ ഉയർത്തിയ പോസ്റ്റർ


ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണമായ ആലാപനമുണ്ടാകരുതെന്ന് കാണിച്ച് ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിനോടും നിഷേധാത്മകമായ നിലപാടാണ് വൈസ് ചാൻസലറെടുത്തത്. യുഡിഎഫിന് ഭൂരിപക്ഷമുള്ള നിലവിലെ സിൻഡിക്കറ്റിൽനിന്ന്‌ ഇതിനെതിരെ കാര്യമായ എതിർപ്പൊന്നും ഉയർന്നില്ലെന്നതും ശ്രദ്ധേയമാണ്‌.


കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവുകൂടിയായ ഡോ. പി രവീന്ദ്രനെ വൈസ് ചാൻസലർ പദവിയിൽ നിയമിച്ചത് നിലവിലെ ചാൻസലറാണ്. വിസിക്ക് ബിജെപിയും മുസ്ലിംലീഗും പിന്തുണയും നൽകുന്നുണ്ട്.


സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, വ്യവസായി പി കെ അഹമ്മദ് എന്നിവർക്ക് ഡിലിറ്റും പ്രശസ്ത ശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. എലുവത്തിങ്ങൽ ഡേവിസ് ജെമ്മിസിന് ഡിഎസ്‌സിയും നൽകാനാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.


ഡോ. എലുവത്തിങ്ങൽ ഡേവിസ് ജെമ്മിസ് കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായിരുന്നു.


കലിക്കറ്റ് സർവകലാശാലയുമായും ഡോ. പി രവീന്ദ്രനുമായും ഇദ്ദേഹത്തിന്‌ അടുത്ത ബന്ധമുണ്ടെന്ന്‌ വൈസ് ചാൻസലർ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഇദ്ദേഹം കമ്മിറ്റിയിൽനിന്ന് പിൻമാറുകയായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home