തെരഞ്ഞെടുപ്പിൽ തോറ്റു; പാമ്പാടി ആർഐടിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യു ആക്രമണം

യൂത്ത് കോൺഗ്രസ്–കെഎസ്യു അക്രമ വിവരമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പാമ്പാടി ആർഐടിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Oct 17, 2026, 07:05 AM | 1 min read
പാമ്പാടി: കോട്ടയം പാമ്പാടിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(ആർഐടി) എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് – കെഎസ്യു ഗുണ്ടകളുടെ ആക്രമണം. ക്യാമ്പസിൽ എസ്എഫ്ഐ നേടിയ ഗംഭീര വിജയം ഉൾക്കൊള്ളാനാകാതെയാണ് പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസുകാരും കെഎസ്യു സംഘവും അക്രമം അഴിച്ചുവിട്ടത്.
കേരള സാങ്കേതിക സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 23ൽ 15 സീറ്റ് നേടിയാണ് യൂണിയൻ കെഎസ്യുവിൽനിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചത്. യൂണിയൻ ചെയർമാൻ, മാഗസിൻ എഡിറ്റർ, യുയുസി, ലേഡി റെപ്രസന്റേറ്റീവ് തുടങ്ങിയ ജനറൽ സീറ്റുകളും എസ്എഫ്ഐക്കാണ്.
വൈകിട്ട് അഞ്ചോടെ വിദ്യാർഥികൾ നടത്തിയ ആഘോഷ പ്രകടനങ്ങൾക്ക് നേരെ മാരകായുധങ്ങളുമായി ഇരച്ചുകയറിയ അക്രമികൾ കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമികൾ റോഡ് ഉപരോധിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ നാട്ടുകാരെ പോലും കടത്തിവിട്ടില്ല. പൊലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു.
വിവരമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തി. ചർച്ചക്ക് ശേഷം ടി ആർ രഘുനാഥൻ തിരികെ പോകുന്ന സമയത്തും യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകർ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, റെജി സഖറിയ, ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ എസ് സാബു, കെ എൻ വിശ്വനാഥൻ, കെ എസ് ഗിരീഷ്, വി എം പ്രദീപ്, ലോക്കൽ സെക്രട്ടറിമാരായ ടി എസ് റെജി, കെ എസ് പ്രദീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ എസ് വിനോദ്, എ എം എബ്രഹാം, സതീഷ് വർക്കി എന്നിവരും ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും സ്ഥലത്തെത്തി.
മർദ്ദനത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ടു പേർ പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
തോൽവിയിലെ അസഹിഷ്ണുത മൂലം പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ഇറക്കി ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച കെഎസ്യുവിനെതിരെ വിദ്യാർഥികൾക്കിടയിലും നാട്ടുകാർക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്.








0 comments